 മുൻ സർക്കാരിന്റെ പേഴ്‌സണൽ സ്റ്റാഫ് -- പ്രതിമാസ ചെലവ് 4.62 കോടി

Sunday 24 May 2026 1:51 AM IST

തൃശൂർ: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിനായി പ്രതിമാസം ചെലവിട്ടത് 4.62 കോടി രൂപ. 524 സ്റ്റാഫുണ്ടായിരുന്നു. 6,000 മുതൽ രണ്ടര ലക്ഷം രൂപ വരെയായിരുന്നു ശമ്പളം. കുറവ് ശമ്പളം വ്യവസായ മന്ത്രിയുടെ ഓഫീസിലെ കുക്കിനായിരുന്നു, 6,033 രൂപ. രണ്ട് ലക്ഷത്തിൽ കൂടുതൽ ശമ്പളമുണ്ടായിരുന്നത് 11 പേർക്ക്. കുറഞ്ഞ പെൻഷൻ 3,350 രൂപ. കൂടിയത് 83,400.

പിണറായി വിജയനായിരുന്നു കൂടുതൽ സ്റ്റാഫ് - 27 പേർ. 31,000 രൂപ ശമ്പളം വാങ്ങിയ ഓഫീസ് അറ്റൻഡന്റ് മുതൽ 2.21 ലക്ഷമുണ്ടായിരുന്ന സീനിയർ ലീഗൽ കൗൺസൽ വരെ. അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുണ്ടായിരുന്നത് 25 സ്റ്റാഫ്. 28,000 രൂപ ശമ്പളമുള്ള ഓഫീസ് അറ്റൻഡന്റ് മുതൽ 1.77 ലക്ഷം രൂപ ശമ്പളമുള്ള അസി. പ്രൈവറ്റ് സെക്രട്ടറി വരെ. വിവരാവകാശ പ്രവർത്തകനായ മുഹമ്മദ് അഷ്‌റഫിന് ലഭിച്ച മറുപടിയിലാണിത്. വൈദ്യുതി, പട്ടികജാതി-പിന്നാക്ക ക്ഷേമം, ഫിഷറീസ് മന്ത്രിമാർക്ക് 25 പേർ വീതം, തദ്ദേശ, ഗതാഗത മന്ത്രിമാർക്ക് 24 വീതം, സഹകരണം, റവന്യൂ, കൃഷി, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ഭക്ഷ്യ പൊതുവിതരണ മന്ത്രിമാർക്ക് 23 വീതം, ജലവിഭവ മന്ത്രിക്കും ചീഫ് വിപ്പിനും 21 പേർ വീതം, പൊതുമരാമത്ത്, രജിസ്‌ട്രേഷൻ, പുരാവസ്തു മന്ത്രിമാർക്ക് 19 സ്റ്റാഫ് വീതം.

പ്രതിമാസ ശമ്പളം

 മുഖ്യമന്ത്രിയുടെ ഓഫീസ്: 27.24 ലക്ഷം രൂപ  പ്രതിപക്ഷ നേതാവിന്റെ ഓഫീസ്: 25.60 ലക്ഷം  ചീഫ് വിപ്പിന്റെ ഓഫീസ്: 20.44 ലക്ഷം  20 മന്ത്രിമാരുടെ സ്റ്റാഫ്: 3.89 കോടി