സുകുമാർ അഴീക്കോട് സ്മാരകം: രണ്ട് കോടിയുടെ നവീകരണം  അഴീക്കോടിന്റെ ജന്മശതാബ്ദി ഇന്ന്

Tuesday 12 May 2026 12:00 AM IST

തൃശൂർ: പ്രഭാഷണ കലയുടെ പെരുന്തച്ചനായ ഡോ. സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി ഇന്ന്. അദ്ദേഹത്തിന്റെ ഓർമ്മകൾ നിത്യനിദ്ര കൊള്ളുന്ന തൃശൂർ എരവിമംഗലത്തെ വീടിന്റെ

നവീകരണ പ്രവർത്തനങ്ങൾക്ക് ഈ സാമ്പത്തികവർഷം തന്നെ തുടക്കമാകും. കഴിഞ്ഞ ഫെബ്രുവരിയിൽ 2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ പതിനായിരക്കണക്കിന് പുസ്തകങ്ങളും ഫലകങ്ങളുമെല്ലാം ഭദ്രമായി സൂക്ഷിച്ചിട്ടുള്ള സുകുമാർ അഴീക്കോട് സ്മാരകമന്ദിരത്തിൽ അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രഭാഷണങ്ങൾ മുഴങ്ങുന്ന തിയേറ്റർ തുടങ്ങാനും ലക്ഷ്യമിടുന്നു. സാഹിത്യകാരൻമാർക്ക് എഴുതാൻ സഹായകമായ കേന്ദ്രവും ഒരുക്കും.

സ്ഥലം പരിമിതമായതിനാൽ മണലിപ്പുഴയുടെ തീരത്തിനപ്പുറത്തേയ്ക്കും കേന്ദ്രം വ്യാപിപ്പിക്കാൻ മുൻ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നു. പുസ്തകങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യും. കേരളത്തിലെമ്പാടുമുള്ള സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളെക്കൊണ്ട് എന്നും ഈ വീട് നിറഞ്ഞിരുന്നു. അഴീക്കോട് വിടപറഞ്ഞശേഷം പത്തു വർഷക്കാലമായി വീട് വിജനമായിരുന്നു. സാംസ്‌കാരികവകുപ്പ് ഏറ്റെടുത്ത വീട് കേരള സാഹിത്യ അക്കാഡമിക്ക് കൈമാറിയിരുന്നു.

കേരളകൗമുദിക്കായി

നിയമസഭയിൽ

ഒന്നര പതിറ്റാണ്ട് മുൻപ്, കേരളകൗമുദിക്കു വേണ്ടി നിയമസഭാനടപടികൾ റിപ്പോർട്ട് ചെയ്യാൻ

സുകുമാർ അഴീക്കോട് എത്തിയത് ഏറെ രാഷ്ട്രീയശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അദ്ദേഹത്തിന്റെ ആ പത്രറിപ്പോർട്ടുകൾ കൂടി ചരിത്രത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രി പദത്തിലെത്തിക്കുന്നതിലും അദ്ദേഹം കേരളകൗമുദിയുടെ ഒന്നാം പേജിൽ എഴുതിയ ലേഖനം ഏറെ നിർണയകമായിരുന്നു.

ചലച്ചിത്രമേഖലയിലെ തെറ്റായ പ്രവണതകളെ അദ്ദേഹം ചൂണ്ടിക്കാട്ടിയതും ഏറെ വിവാദമായിരുന്നു. അദ്ദേഹത്തിന് വെെക്കം മുഹമ്മദ് ബഷീർ അടക്കമുള്ളവർ എഴുതിയ കത്തുകളടക്കം ഇപ്പോഴും സമൂഹ മാദ്ധ്യമങ്ങളിൽ വെെറലാണ്.

''സുകുമാർ അഴീക്കോട് സ്മാരകത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഡി.പി.ആർ ഉടൻ തയ്യാറാക്കും. എം.എൽ.എ ഫണ്ടിൽ നിന്നുള്ള അമ്പത് ലക്ഷം കൊണ്ടാണ് പ്രാഥമിക നവീകരണം നടത്തിയത്.

-കെ.രാജൻ എം.എൽ.എ,

മുൻമന്ത്രി