വയോധികയുടെ ആഭരണം കവർന്നു ഹോം നഴ്സും കൂട്ടുകാരിയും പിടിയിൽ
മൂവാറ്റുപുഴ: മാറാടി മഞ്ചേരിപ്പടി പൂമറ്റത്തിൽ കിടപ്പുരോഗിയായ വയോധികയുടെ ആഭരണങ്ങൾ കവർന്ന കേസിൽ ഹോം നഴ്സും കൂട്ടുകാരിയും അറസ്റ്റിൽ. തമിഴ്‌നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി സുധ ശങ്കർ (38),ദിണ്ടുഗൽ മലയഗൗഡൻപാട്ടി പൊട്ടിക്കളം ലക്ഷ്‌മി (46) എന്നിവരെയാണ് മൂവാറ്റുപുഴ ഡിവൈ.എസ്. പി പി. അബ്‌ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലക്ഷ്മിയെ ആൺവേഷം കെട്ടിച്ചാണ് സുധ മോഷണം നടത്തിയത്.
ഞായറാഴ്ച പുലർച്ചെ എട്ടിന് വീട്ടിനുള്ളിൽ കയറിയ പുരുഷൻ മറിയാമ്മയുടെ(85) വായിൽ തുണി തിരുകി പത്ത് പവന്റെ മാലയും വളകളും മോഷ്ടിച്ചെന്നാണ് സുധ പ്രചരിപ്പിച്ചത്. തൊട്ടടുത്ത പുരയിടത്തിലെ ചവറുകൾക്കിടയിലെ കല്ലിനടിയിൽ നിന്നാണ് സ്വർണാഭരണങ്ങൾ കണ്ടെടുത്തത്. മൂവാറ്റുപുഴ ഇൻസ്പെക്ടർ അനിൽ ജോർജ്ജ്,എസ്.ഐ മാരായ എൻ.എസ്. റോയ്,ചാർലി തോമസ്,എസ്. ശ്രീനാഥ്,പി.സി. ജയകുമാർ,എം.എം. ഉബൈസ്,സി.ബി. അനിൽകുമാർ,എ.എസ്.ഐമാരായ എം.കെ. ഗിരിജ,എ.വി. ദിനി,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹാരിസ് എച്ച്,രതീഷ് എം.പി,ശ്രീജു രാജൻ,ബിനിൽ എൽദോസ് അജേഷ് എ.പി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഓർമ്മക്കുറവുള്ള മറിയാമ്മയെ അഞ്ചുമാസമായി പരിചരിച്ചിരുന്നത് സുധയാണ്. ആഭരണപ്രിയയായ മറിയാമ്മ ഡൽഹി ആരോഗ്യവകുപ്പിലെ റിട്ട. നഴ്സിംഗ് സൂപ്രണ്ടാണ്. അവിവാഹിതയായ ഇവർ ഒറ്റയ്ക്കാണ് താമസം.
ആൺവേഷം
കെട്ടി കവർച്ച
ലക്ഷ്മിയെ തലേന്ന് വീട്ടിൽ താമസിപ്പിച്ചാണ് സുധ മോഷണം നടപ്പാക്കിയത്. പുരുഷനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്മി ഷർട്ടും പാന്റും ധരിച്ച് രാവിലെ മറിയാമ്മയുടെ അരികിലെത്തി വളകളും മാലയും ഊരിയെടുക്കുകയായിരുന്നു. മോഷ്ടാവ് തന്നെ ബാത്ത്റൂമിൽ പൂട്ടിയിട്ടെന്ന് പറഞ്ഞ സുധ വാതിലിന്റെ ഓടാമ്പൽ പറിച്ചുമാറ്റിവച്ചിരുന്നു. സ്വർണം ഒളിപ്പിച്ച ശേഷം തൊട്ടടുത്ത വീടിന് മുന്നിലൂടെ ലക്ഷ്മി പുറത്തേക്ക് പോയി. ഇവിടെ സി.സി.ടി.വി ഉണ്ടായിരുന്നില്ല. ഒന്നര കിലോമീറ്റർ അകലെയുള്ള ക്യാമറയിൽ ഇവരുടെ ദൃശ്യം പതിഞ്ഞത് വഴിത്തിരിവായി.
രണ്ടു കിലോമീറ്റർ അകലെയുള്ള മറ്റൊരു വയോധികയെ പരിചരിച്ചു വരികയായിരുന്നു ലക്ഷ്മി. ഇരുവരും ഡിണ്ടിഗലിലെ സോക്സ് നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യവേയാണ് പരിചയപ്പെട്ടത്. ലക്ഷ്മിക്ക് ജോലി നഷ്ടമായതോടെ സുധ ഹോം നഴ്സ് ജോലി തരപ്പെടുത്തിക്കൊടുത്തു. ഇരുവരെയും തെളിവെടുപ്പിന് ശേഷം ഇന്ന് റിമാൻഡ് ചെയ്യും.