'സംസ്ഥാനത്ത് പവർകട്ടില്ല,​ പവർ ഫെയിലിയർ ഉണ്ട് '; ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്

Saturday 23 May 2026 3:40 PM IST

കണ്ണൂർ: സംസ്ഥാനത്ത് പവർകട്ടുണ്ടാവില്ലെന്നും ഇപ്പോഴുള്ളത് പവർ ഫെയിലിയറാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.അറ്റകുറ്റ പണി നടക്കുന്നതിനാലാണ് പവർ ഫെയിലിയർ ഉണ്ടാകുന്നതെന്നും കുറച്ചുദിവസം കൂടി പ്രയാസമുണ്ടാകും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വൈദ്യുതിയുമായി ബന്ധപ്പെട്ട് സ്വയം സംതൃപ്തമായ സാഹചര്യമുണ്ടാകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന് ജീവിക്കാൻ അത്യാവശ്യമായ വായു, ജലം പോലെ തന്നെ പ്രധാനപ്പെട്ട ഘടകമാണ് വൈദ്യുതിയെന്നും ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്നും അതെല്ലാം പഠിച്ചുവരികയാണെന്നും അതിനായി മുൻ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

പ്രകൃതി സൗന്ദര്യം നിലനിർത്തി കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി മാറ്റാൻ ശ്രമിക്കുമെന്നും സമഗ്ര വികസനത്തിന് എല്ലാവരുടേയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി, പാർലമെന്ററി, പരിസ്ഥിതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശഷം ആദ്യമായി കണ്ണൂരിലെത്തിയ സണ്ണി ജോസഫ് കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.