തിരുവ‌ഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭ സ്പീക്കർ: ലഭിച്ചത് 101 അംഗങ്ങളുടെ പിന്തുണ

Friday 22 May 2026 10:21 AM IST

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. 101 അം​ഗങ്ങളാണ് തിരുവഞ്ചൂരിനെ പിന്തുണച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എ സി മൊയ്തീന് 35 വോട്ടുകൾ ലഭിച്ചു. എൻഡിഎ സ്ഥാനാർത്ഥി ബി ബി ​ഗോപകുമാറിന് മൂന്ന് വോട്ടുകാളാണ് ലഭിച്ചത്. 139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോടേം സ്പീക്കർ ജി സുധാകരന്റെ നേതൃത്വത്തിലാണ് വോട്ടെടുപ്പും ഫലപ്രഖ്യാപനവും നടന്നത്.

മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂരിനെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചു. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി മൂന്ന് പാർട്ടികളുടെ സ്ഥാനാർത്ഥികൾ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചുവെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയായിരുന്നു. നാല് പത്രികകളാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ നാമനിർദേശം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ടത്.