സാങ്കേതിക തടസ്സം നീക്കി:ട്രഷറികളിൽ സാധാരണ നില
തിരുവനന്തപുരം:സാങ്കേതിക പ്രശ്നം താൽക്കാലികമായി പരിഹരിച്ചതോടെ ഇന്നലെ സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം സാധാരണനിലയിലായതായി ട്രഷറി അധികൃതർ അറിയിച്ചു.വെളളിയാഴ്ച വൈകിട്ട് ട്രഷറി ഡാറ്റാ സെന്ററിലെ സെർവറിൽ സുരക്ഷാ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് ട്രഷറി പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടത്.
സംസ്ഥാനത്തെ 120ഓളം ട്രഷറികളിൽ പ്രവർത്തനം സ്തംഭിച്ചെന്നാണ് റിപ്പോർട്ട്. രണ്ടാം ശനിയും ഞായറും അവധിയാണെന്നത് കണക്കിലെടുത്താണ് വെള്ളിയാഴ്ച ഡാറ്റാ സെന്ററിൽ അപ്ഡേഷൻ നടത്തിയതെന്ന് ട്രഷറി അധികൃതർ പറഞ്ഞു. എന്നാൽ തിങ്കളാഴ്ചയോടെ പലയിടത്തു നിന്നും പ്രവർത്തിക്കാനാകുന്നില്ലെന്ന് പരാതികളുണ്ടായി. തുടർന്ന് ഡാറ്റാസെന്ററിലെ അപഡേഷൻ നടപടികൾ അൺ ഇൻസ്റ്റാൾ ചെയ്തതോടെയാണ് ഇത് മറികടക്കാനായത്. എന്നിട്ടും ചിലയിടങ്ങളിൽ നിന്ന് പ്രവർത്തിക്കാനാകുന്നില്ലെന്ന് പരാതി ഉണ്ടായിരുന്നു.ഇന്നലെ അതുകൂടി പരിഹരിച്ച് പ്രവർത്തനം സാധാരണ നിലയിലാക്കി.