'കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ഊർജസ്വലമായ പ്രവർത്തനം ഇത്തവണ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല' 

Wednesday 06 May 2026 10:38 AM IST

ആലപ്പുഴ: കായംകുളത്തെ തോൽവിയിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന യു. പ്രതിഭ. മണ്ഡലത്തിൽ ചില സമുദായ നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചുവെന്നും ഇതാണ് വോട്ടുകളിൽ വൻ ചോർച്ചയുണ്ടാക്കിയതെന്നും പ്രതിഭ ആരോപിച്ചു. പാർട്ടിയുടെ ഉറച്ച കേന്ദ്രങ്ങളിൽ പോലും വോട്ട് കുറഞ്ഞത് തന്നെ അമ്പരിപ്പിച്ചുവെന്ന് അവർ പറഞ്ഞു.

കായംകുളത്ത് മാത്രമല്ല കേരളത്തിലുടനീളം ഇത്തരത്തിലുള്ള പ്രതിപ്രവർത്തനങ്ങൾ നടന്നതായും പ്രതിഭ ആരോപിച്ചു. പാർട്ടിക്ക് വ്യക്തമായ ആധിപത്യമുള്ള ബൂത്തുകളിൽ പോലും മുന്നേറാൻ കഴിഞ്ഞില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പത്തിയൂർ, ചെട്ടികുളങ്ങര പഞ്ചായത്തുകളിൽ ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് അവിശ്വസനീയമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ഊർജസ്വലമായ പ്രവർത്തനം ഇത്തവണ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും പ്രതിഭ വിമർശിച്ചു.

രണ്ടുതവണ നിലനിർത്തിയ മണ്ഡലം ഇത്തവണ 15,572 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജു പിടിച്ചെടുത്തത്. 2021-ൽ 6,298 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രതിഭയ്ക്ക് ഇത്തവണ വോട്ട് വിഹിതത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്.