തർക്കങ്ങൾക്കൊടുവിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണർക്ക് കൈമാറി

Wednesday 20 May 2026 10:57 AM IST

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാരും വകുപ്പുകളും അടങ്ങുന്ന പട്ടിക മുഖ്യമന്ത്രി ഗവ‌ർണർക്ക് കൈമാറി. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസവും എം ലിജുവിന് എക്‌സൈസിനൊപ്പം സഹകരണ വകുപ്പിന്റെ ചുമതലയും കൂടി നൽകിയെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ ഒൻപത് മണിക്ക് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഇതിനുശേഷമാണ് പട്ടിക ഗവർണർക്ക് കൈമാറിയത്.

സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു. ലീഗിന് നൽകിയ ഫിഷറീസ് വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി ലത്തീൻ സഭ രംഗത്തെത്തിയിരുന്നു. പകരം ഉന്നത വിദ്യാഭ്യാസം വേണമെന്നായിരുന്നു ലീഗിന്റെ നിലപാട്. ഇതിൽ കോൺഗ്രസിനും ലത്തീൻ സഭയ്ക്കും എതിർപ്പുണ്ടായിരുന്നു.

എ പി അനിൽകുമാറിന് ആരോഗ്യ വകുപ്പ് നൽകിയത് കെ മുരളീധരൻ എതിർത്തിരുന്നു. അതോടെ ആ വകുപ്പ് മുരളീധരനിലെത്തി. മുരളീധരന് നിശ്ചയിച്ച വൈദ്യുതി എ പി അനിൽകുമാറിനും നൽകി. എന്നാൽ അദ്ദേഹം വഴങ്ങിയിരുന്നില്ല. ഇതോടെ കെ സി വേണുഗോപാൽ പക്ഷം സമ്മർദ്ദവുമായെത്തി. മുരളീധരന് നൽകുന്ന ദേവസ്വം വകുപ്പ് കൂടി അനിൽകുമാറിലെത്തിച്ച് പരിഹരിക്കാനായിരുന്നു ശ്രമം. പകരം യുവജനക്ഷേമ, കായിക വകുപ്പ് മുരളീധരന് നൽകാനും ആലോചനയുണ്ടായിരുന്നു.