'യുഡിഎഫിന് 102 സീറ്റുകൾ വാങ്ങിത്തന്നത് രത്തൻ ഖേൽക്കറാണോ? ജയിച്ചതിന് ശേഷം കേൾക്കുന്ന ആദ്യ തമാശയാണിത്'
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ തിരഞ്ഞെടുത്തതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് വി ഡി സതീശൻ. യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് രത്തൻ ഖേൽക്കറാണോ എന്ന് അദ്ദേഹം ചോദിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു വി ഡി സതീശൻ.
'ചീഫ് ഇലക്ട്രൽ ഓഫീസറെ നിയമിക്കുന്നത് സംസ്ഥാന സർക്കാർ കൊടുക്കുന്ന പാനലിൽ നിന്നാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചീഫ് ഇലക്ട്രൽ ഓഫീസർ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുമോ? ചീഫ് ഇലക്ട്രൽ ഓഫീസറായ നളിനി നെറ്റോ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ ജോലി ചെയ്തിട്ടുണ്ട്. ബംഗാളുമായി കേരളത്തെ താരതമ്യം ചെയ്യാനാകില്ല. ബംഗാളിൽ വ്യാപകമായി എസ്ഐആറിൽ നിന്നും വോട്ടുകൾ നീക്കം ചെയ്തുവെന്ന പരാതി ഉയർന്നിരുന്നു.
ഇവിടുത്തെ ചീഫ് ഇലക്ട്രൽ ഓഫീസറെപ്പറ്റി അങ്ങനെയൊരു പരാതി ഒരു പാർട്ടിക്കും ഇല്ലായിരുന്നു. ഇവിടെ ആകെ പരാതികൾ പറഞ്ഞത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഞാനായിരുന്നു. രത്തൻ ഖേൽക്കറാണോ ഞങ്ങളെ ജയിപ്പിച്ചത്. യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് രത്തൻ ഖേൽക്കറാണോ? നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി കാര്യങ്ങൾ ചർച്ച ചെയ്യണം.
നല്ല എഫിഷ്യന്റായ ഉദ്യോഗസ്ഥനാണ് രത്തൻ ഖേൽക്കർ. അതുകൊണ്ടാണ് എന്റെ ഓഫീസിൽ നിയമിച്ചത്. അദ്ദേഹം മുൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ജയിച്ചതിന് ശേഷം ആദ്യം കേൾക്കുന്ന തമാശയാണിത്'- വി ഡി സതീശൻ പറഞ്ഞു.
പര്യത്തുകാവിലെ ഒഴിപ്പിക്കലിനെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. കോടതി വിധിപ്രകാരം കുടിയൊഴിപ്പിക്കേണ്ടി വന്നാൽ കുടുംബങ്ങൾക്ക് സ്ഥലവും വീടും വച്ച് നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പര്യത്തുകാവിൽ സമരത്തിനെത്തിയ സിപിഎമ്മിനെ മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. മുൻ മന്ത്രിമാരായ രണ്ടുപേർ സമരത്തിനിരിപ്പുണ്ട്. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് ഒഴിപ്പിക്കാൻ എത്തുന്നത്. ഇത് 15-ാം തവണയായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് നേരത്തേ 14 തവണയും ഒഴിപ്പിക്കാൻ പോയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.