സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാഫലം: കേന്ദ്ര സർക്കാർ ഇടപെടണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

Monday 25 May 2026 8:15 PM IST

തിരുവനന്തപുരം : സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികളിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് നൽകി. മേയ് 13-ന് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് ലഭിച്ചതായി നിരവധി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടന്ന പുനർമൂല്യനിർണയ നടപടികളിലും ഗുരുതരമായ സാങ്കേതിക-ഭരണപരമായ പ്രശ്നങ്ങൾ ഉണ്ടായതായി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.

ആവശ്യമായ തയ്യാറെടുപ്പുകളോ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മതിയായ മാർഗനിർദേശങ്ങളോ നൽകാതെയാണ് OSM (On-Screen Marking) സംവിധാനം നടപ്പിലാക്കിയതെന്നും ആശങ്ക ഉയർന്നിട്ടുണ്ട്. സർവകലാശാല പ്രവേശനവും വിവിധ പ്രവേശനപരീക്ഷകളും പുരോഗമിക്കുന്ന നിർണായക ഘട്ടത്തിൽ ഈ പ്രശ്നങ്ങൾ വിദ്യാർത്ഥികൾക്ക് വലിയ മാനസിക സമ്മർദ്ദവും അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, സി.ബി.എസ്‌.ഇയുടെ മൂല്യനിർണയ-പുനർമൂല്യനിർണയ നടപടികളിലെ വീഴ്ചകൾ അടിയന്തരമായി പരിശോധിച്ച്, വിദ്യാർത്ഥികളുടെ പരാതികൾക്ക് സുതാര്യവും നീതിപൂർണവും സമയബന്ധിതവുമായ പരിഹാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.