കുടിവെള്ള കുടിശിക പിരിക്കാൻ 'വാർ റൂം'

Sunday 24 May 2026 12:15 AM IST

ആലപ്പുഴ: കുടിവെള്ള വിതരണ കുടിശിക പിരിച്ചെടുക്കാൻ വാർറൂമുകളുമായി വാട്ടർ അതോറിട്ടി. വർഷങ്ങളായി സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട കോടികളുടെ കുടിശിക ഈടാക്കുകയും നൽകാത്തവർക്കെതിരെ കണക്ഷൻ വിച്ഛേദിക്കലും റവന്യു റിക്കവറിയും നടപ്പാക്കുകയുമാണ് ലക്ഷ്യം. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ വാട്ടർ അതോറിട്ടി ജോയിന്റ് മാനേജിംഗ് ഡയറക്ടറാണ് സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലും വാർറൂമുകൾ ആരംഭിക്കാൻ ഉത്തരവിട്ടത്.

സംസ്ഥാനത്തെ സർക്കാർ-പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നായി 600 കോടിയോളമാണ് വാട്ടർ അതോറിട്ടിക്ക് കഴിഞ്ഞ പത്തുവർഷമായി കുടിശികയുള്ളത്. ജൽജീവനുൾപ്പെടെ സേവന മേഖല വിപുലമാക്കിയതോടെ ചെലവ് വർദ്ധിക്കുകയും സാമ്പത്തിക ബാദ്ധ്യത താങ്ങാനാകാതെ കടക്കെണിയിലാകുകയും ചെയ്തതോടെയാണിത്. ഉയർന്ന കുടിശികക്കാരായ ഉപഭോക്താക്കളുടെ ലെഡ്ജർ പരിശോധിച്ചതിൽ,​കുടിശിക ഈടാക്കലിന് വർഷങ്ങളുടെ കാലതാമസം നേരിടുന്നതായും നടപടിക്രമങ്ങൾ പാലിച്ച് കണക്ഷനുകൾ വിച്ഛേദിക്കുന്നതിലും പരാതികൾ പരിഹരിക്കുന്നതിലും വീഴ്ചയുണ്ടായെന്നും കണ്ടെത്തി.

തർക്ക ബില്ലുകൾ

തീർപ്പാക്കണം

തർക്കത്തിലുള്ള ബില്ലുകളിൽ 15 ദിവസത്തിനകം പുതിയത് നൽകി അസിസ്റ്റന്റ് എൻജിനിയർ തീർപ്പാക്കണം.

ലീക്കേജ് ആനുകൂല്യ അപേക്ഷയിൽ 25ശതമാനം തുക മൂൻകൂർ ഈടാക്കണം. 5 ദിവസത്തിനകം സൈറ്റ് ഇൻസ്പെക്ഷൻ റിപ്പോർട്ട് നൽകണം.

6 മാസം ബിൽ കുടിശികകളിൽ റവന്യു റിക്കവറി നടപടികൾക്ക് മുമ്പ് പ്രീ ആർ.ആർ നോട്ടീസ് നൽകണം.

വിച്ഛേദിച്ചിട്ടും റവന്യു റിക്കവറി ആരംഭിക്കാത്ത കണക്ഷനുകളുടെ പട്ടിക 10 ദിവസത്തിനകം നടപടികൾക്ക് ശുപാർശ ചെയ്യണം

പൊലീസ് സ്റ്രേഷനുകളുൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ട് മാസത്തിലധികം കുടിശിക പാടില്ല.

ആകെ കണക്ഷൻ...................44,02,337

ഗാർഹികം................................42ലക്ഷം

സർക്കാർ സ്ഥാപനങ്ങൾ......12,000

സ്വകാര്യസ്ഥാപനങ്ങൾ.......കണക്കില്ല

കുടിശിക (2016-2026)​.....600 കോടി

കുടിശിക നിവാരണമാണ് ലക്ഷ്യം. മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ വരുമാനചോർച്ച തടഞ്ഞേ മതിയാകൂ.

-റവന്യു മോണിറ്ററിംഗ് സെൽ,

വാട്ടർ അതോറിട്ടി