അപകടകരമായ കിണര്‍, എകെജി നഗര്‍ സ്വദേശിനിയുടെ പരാതിക്ക് പരിഹാരം

Friday 22 May 2026 6:28 PM IST
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബാലരാമപുരത്ത് ഹാന്‍ടെക്‌സിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അപകടകരമായ നിലയിലുള്ള കിണറിന് സംരക്ഷണഭിത്തി നിര്‍മ്മിച്ച് അപകടം ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഹാന്‍ടെക്‌സ് എം.ഡി ക്ക് നിര്‍ദ്ദേശം നല്‍കി.സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ബാധ്യതയില്‍ നിന്നും ഹാന്‍ടെക്‌സ് ഒഴിഞ്ഞു മാറരുതെന്നും ഉത്തരവില്‍ പറഞ്ഞു. ഹാന്‍ടെക്‌സ് നടപടിയെടുത്തില്ലെങ്കില്‍ അധികാരപ്പെട്ട കോടതിയെ പരാതിക്കാരന് സമീപിക്കാമെന്നും ഉത്തരവില്‍ പറഞ്ഞു.

പേരൂര്‍ക്കട എ.കെ.ജി. നഗര്‍ സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ബാലരാമപുരത്തുള്ള വസ്തുവിന് സമീപമുള്ള ഹാന്‍ടെക്‌സിന്റെ കിണര്‍ ഇടിഞ്ഞുതാഴ്ന്നത് കാരണം തന്റെ വസ്തുവിന്റെ ചുറ്റുമതിലും ഒന്നരസെന്റ് വസ്തുവും ഇടിഞ്ഞ് കിണറില്‍ വീണതായി പരാതിയില്‍ പറഞ്ഞു.

അപകടാവസ്ഥയിലുള്ള കിണര്‍ നികത്തുന്നതിന് ദുരന്തനിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍ക്ക് 2023 സെപ്റ്റംബര്‍ 26 ന് കത്ത് നല്‍കിയെന്നും എന്നാല്‍ നടപടിയുണ്ടായില്ലെന്നും ഹാന്‍ടെക്‌സ് എം.ഡി. കമ്മീഷനെ അറിയിച്ചു. 2024 സെപ്റ്റംബര്‍ 9 ന് ചേര്‍ന്ന ഭരണസമിതിയോഗം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കിണര്‍ നീന്തല്‍കുളമാക്കി മാറ്റാനുള്ള പ്രൊപ്പോസല്‍ ജില്ലാ പഞ്ചായത്തിന് നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. കുടിവെള്ള പദ്ധതിയുടെ കാര്യവും ആലോചിച്ചു.

എന്നാല്‍ കുടിവെള്ള പദ്ധതി പ്രായോഗികമല്ലെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചിട്ടുണ്ടെന്ന് ബാലരാമപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ജില്ലാ പഞ്ചായത്തിന് കൈമാറാത്തതിനാല്‍ നീന്തല്‍കുളവും നിര്‍മ്മിക്കാനാവില്ലെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അപകടാവസ്ഥയിലുള്ള കിണര്‍ സംരക്ഷണഭിത്തി നിര്‍മ്മിച്ച് സംരക്ഷിക്കാന്‍ ഹാന്‍ടെക്‌സ് നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.