സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് വരെ മാദ്ധ്യമങ്ങളോട് സംസാരിക്കില്ല: പിവി അന്‍വര്‍

Friday 18 April 2025 10:51 PM IST

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് വരെ മാദ്ധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പി വി അന്‍വര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പി.വി അന്‍വര്‍ ഇക്കാര്യം അറിയിച്ചത്. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാര് എന്നതിനെ ചൊല്ലി ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്‍വറിന്റെ തീരുമാനം. മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്ത്, വിഎസ് ജോയ് എന്നിവരാണ് സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുള്ളത്.

നിലമ്പൂരില്‍ ജോയിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മാത്രമേ പിന്തുണയ്ക്കുകയുള്ളൂവെന്ന് പി.വി അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ജോയി മത്സരിച്ചാല്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് എപി അനില്‍കുമാറിനോട് അന്‍വര്‍ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരില്‍ മത്സരിപ്പിക്കരുതെന്ന് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ഥാനാര്‍ത്ഥിത്വത്തിന് അവകാശവാദം ഉന്നയിച്ച് ഷൗക്കത്ത് രംഗത്തുണ്ട്. എന്നാല്‍ അന്‍വറിനെ പിണക്കിയാല്‍ അത് പാര്‍ട്ടിയുടെ വിജയസാദ്ധ്യതയെ ബാധിക്കുമെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ട്. അതോടൊപ്പം തന്നെ കേരളത്തില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശവും വേഗത്തിലാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പി വി അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ

'നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ(UDF) സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താല്‍ക്കാലികമായി ഇപ്പോള്‍ മുതല്‍ പൂര്‍ണ്ണമായും വിച്ഛേദിക്കുകയാണ്.

പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

'ചിന്തിക്കുന്നവര്‍ക്ക്' ദൃഷ്ടാന്തമുണ്ട്.'

പി.വി അന്‍വര്‍