ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

Thursday 28 May 2026 2:08 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകൾക്കും മറ്റെന്നാൾ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

  • പ്രധാന റോഡുകളിൽ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
  • താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത.
  • മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം, അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
  • വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാദ്ധ്യത.
  • ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത.
  • തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്ക് നാശമുണ്ടാക്കാൻ സാദ്ധ്യതയുണ്ട്.

നിർദേശങ്ങൾ

  • ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക.
  • അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത മേഖലകളിൽ തുടരുക.