കെ മുരളീധരനെ അനുനയിപ്പിച്ചു; ആരോഗ്യം ദേവസ്വം വകുപ്പുകള്‍ നല്‍കാന്‍ ധാരണ
തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാരില്‍ തനിക്ക് നല്‍കിയ വകുപ്പില്‍ അസംതൃപ്തി പ്രകടിപ്പിച്ച കെ മുരളീധരനെ അനുനയിപ്പിച്ചു. മന്ത്രിമാരെയും വകുപ്പുകളും തീരുമാനിച്ചപ്പോള്‍ കെ മുരളീധരന് വൈദ്യുതി വകുപ്പ് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതില്‍ കടുത്ത അസംതൃപ്തിയും അമര്‍ഷവും രേഖപ്പെടുത്തുകയായിരുന്നു മുരളീധരന്‍. വൈദ്യുതി വകുപ്പിന്റെ മാത്രം ചുമതലയെങ്കില്‍ മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിലേക്ക് അദ്ദേഹം എത്തുകയും ചെയ്തു. ഇതോടെയാണ് അനുനയനീക്കവുമായി നേതൃത്വം ഇടപെട്ടത്.
ചര്‍ച്ചകള്‍ക്കൊടുവില്‍ കെ മുരളീധരന് ആരോഗ്യ വകുപ്പ്, ദേവസ്വം വകുപ്പ് എന്നിവയുടെ ചുമതല നല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മുരളീധരന് ആരോഗ്യ വകുപ്പ് ലഭിക്കുമെന്നാണ് നേരത്തെ തന്നെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍ മന്ത്രിസഭയില്‍ കെ.സി വേണുഗോപാല്‍ പക്ഷം ആധിപത്യം ഉറപ്പിച്ചപ്പോള്‍ കെസിയുടെ അടുത്ത അനുയായിയായ എ.പി അനില്‍ കുമാറിന് ആരോഗ്യ വകുപ്പ് ലഭിക്കുകയായിരുന്നു.
ഇതോടെയാണ് കെ മുരളീധരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതും ചുമതല ഏറ്റെടുക്കില്ലെന്ന് അമര്‍ഷത്തോടെ നിലപാടെടുത്തതും. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുതിര്‍ന്ന നേതാവ് ഇടഞ്ഞത് നേതൃത്വത്തേയും വെട്ടിലാക്കി. എന്തായാലും വിഷയം പരിഹരിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വാസമായി.
വി.ഡി സതീശന് പുറമേ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എ.പി. അനില്‍ കുമാര്‍, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, എം. ലിജു,കെ.എ. തുളസി, ഒ.ജെ ജനീഷ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നുള്ള മന്ത്രിമാര്‍. സ്പീക്കറായി മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനേയും തിരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസിനാണ് ചീഫ് വിപ്പ് സ്ഥാനം നല്‍കിയിരിക്കുന്നത്.