'രാജ്യത്തെ സ്നേഹിക്കുന്നവർ എപ്പോഴും അധികാരത്തിന് കൈയടിക്കണം എന്നില്ല, അവർ ചോദ്യം ചെയ്യും മാറ്റം ആവശ്യപ്പെടും'

Friday 22 May 2026 9:14 PM IST

തിരുവനന്തപുരം: രാജ്യം മുഴുവൻ ചർച്ചാവിഷയമായ കോക്രോച്ച് ജനതാ പാർട്ടിയുടെ നിലപാടിനെ പിന്തുണച്ച് ബിനിഷ് കോടിയേരി. “കോക്രോച്ച് ജനത പാർട്ടി” — ഈ പേര് ആദ്യം കേൾക്കുമ്പോൾ ഒരു തമാശയോ ട്രോളോ പോലെ തോന്നാം. പക്ഷേ ഇത് ഒരു പേരിനേക്കാൾ വലിയൊരു പ്രതിഷേധമാണ്.

അവഗണിക്കപ്പെട്ടവരുടെ ശബ്ദം. പരിഹസിക്കപ്പെട്ട യുവത്വത്തിന്റെ കോപം. മതവും വെറുപ്പും കൊണ്ട് മടുത്തുപോയ ഒരു തലമുറയുടെ ചോദ്യം. ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടയ്ക്കാം. ശബ്ദങ്ങളെ തടയാം. പക്ഷേ ചോദ്യങ്ങളെ ഇല്ലാതാക്കാൻ സാധിക്കില്ല. കോക്രോച്ച് പോലെ,​ എത്ര തവണ ചവിട്ടിയാലും വീണ്ടും എഴുന്നേൽക്കുന്ന ജീവൻപോലെ — അണുബോംബ് വർഷിച്ചാലും ജീവൻ പോകാത്ത കോക്രോച്ച്. ചോദ്യം ചെയ്യുന്ന യുവത്വം ഒരു ഭീഷണി അല്ല, ഒരു പ്രതീക്ഷയാണ്. രാജ്യത്തെ സ്നേഹിക്കുന്നവർ എല്ലായ്പ്പോഴും അധികാരത്തെ കൈയടിക്കണമെന്നില്ല;

ചിലപ്പോൾ അവർ ചോദ്യം ചെയ്യും, എതിർക്കും, മാറ്റം ആവശ്യപ്പെടും. അതാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ സൗന്ദര്യമെന്നും ബിനീഷ് പറയുന്നു.

ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

“കോക്രോച്ച് ജനത പാർട്ടി” — ഈ പേര് ആദ്യം കേൾക്കുമ്പോൾ ഒരു തമാശയോ ട്രോളോ പോലെ തോന്നാം.

പക്ഷേ കുറച്ച് സമയം കേട്ടുനിന്നാൽ മനസ്സിലാകും, ഇത് ഒരു പേരിനേക്കാൾ വലിയൊരു പ്രതിഷേധമാണ്.

അവഗണിക്കപ്പെട്ടവരുടെ ശബ്ദം.

പരിഹസിക്കപ്പെട്ട യുവത്വത്തിന്റെ കോപം.

മതവും വെറുപ്പും കൊണ്ട് മടുത്തുപോയ ഒരു തലമുറയുടെ ചോദ്യം.

ഇന്നത്തെ ഇന്ത്യയിൽ ജോലി ചോദിച്ചാൽ പരിഹാസം ലഭിക്കുന്നു.

ചോദ്യം ചോദിച്ചാൽ രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെടുന്നു.

രാഷ്ട്രീയം മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കുമ്പോൾ,

ഒരു വിഭാഗം യുവാക്കൾ തുറന്നു പറയുന്നു —

“ഞങ്ങൾക്ക് വേറെൊരു രാഷ്ട്രീയം വേണം” എന്ന്.

അതുകൊണ്ടാണ് ഈ കൂട്ടായ്മ ശ്രദ്ധിക്കപ്പെടുന്നത്.

റിട്ടയർ ചെയ്ത സുപ്രീംകോടതി ജഡ്ജിമാർക്ക് അധികാരപദവികൾ നൽകരുത്,

സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം വേണം,

മാധ്യമങ്ങൾ അധികാരത്തിന്റെ വക്താക്കളാകരുത്,

അധികാരസ്ഥാനത് നിന്നു പാർട്ടി മാറുന്ന രാഷ്ട്രീയ വ്യാപാരികൾക്ക് 20 വർഷത്തേക്ക് ഇലക്ഷനിൽ മത്സരിക്കാൻ അവസരം നൽകരുത്.

ഇവ സാധാരണ ആവശ്യങ്ങൾ മാത്രമല്ല.

ഇത് ഒരു തലമുറയുടെ രാഷ്ട്രീയ ബോധമാണ്.

“യുവാക്കൾക്ക് രാഷ്ട്രീയമില്ല” എന്ന് വർഷങ്ങളായി പറഞ്ഞ സമൂഹത്തോട്,

ഇന്നത്തെ Gen Z മറുപടി പറയുകയാണ്.

അവർക്കു രാഷ്ട്രീയം ഉണ്ട്.

പക്ഷേ അത് വെറുപ്പിന്റെ രാഷ്ട്രീയം അല്ല.

മതം നോക്കി മനുഷ്യരെ അളക്കുന്ന രാഷ്ട്രീയം അല്ല.

തുല്യതയും സ്വാതന്ത്ര്യവും ചോദ്യം ചെയ്യാനുള്ള അവകാശവും അടിസ്ഥാനം ചെയ്യുന്ന രാഷ്ട്രീയമാണ് അവർ ആവശ്യപ്പെടുന്നത്.

ഓരോ മിനിറ്റുകൾക്കകത്തും ഇതിൽ വന്നു ചേരുന്ന ആളുകളുടെ എണ്ണം എന്നുപറയുന്നത് കണക്കാക്കാൻ പറ്റാത്ത മറ്റൊരു രാഷ്ട്രീയ പാർട്ടിക്ക് അവകാശപ്പെടാൻ പറ്റാത്ത തരത്തിലേക്കുള്ള ഒരു വലിയ ഒരു പ്ലാറ്റ്ഫോമായി ഇതിനെ വളർത്തിയെടുക്കാൻ വേണ്ടി പ്രവർത്തിക്കുന്നവർക്ക് പറ്റിയിട്ടുണ്ട് , ജൻ സി കൾക്ക് എന്തുമാത്രമാണ് രാഷ്ട്രീയമുള്ളതെന്നും അവർ എത്രമാത്രം കൃത്യതയോടെ ആണ് ഈ സമൂഹത്തിന്റെ രാഷ്ട്രീയത്തെ കാണുന്നത് എന്നുള്ളതുകൂടിയായി ഈ കൂട്ടായ്മ മാറുന്നുണ്ട്.

അതുകൊണ്ടുതന്നെ ഈ ശബ്ദങ്ങളെ പലർക്കും ഭയമാണ്. ഈ കൂട്ടായ്മ അടിച്ചമർത്താനാണ് ഇന്ന് ഭരണകൂടം ശ്രമിക്കുന്നത് അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ എല്ലാം തന്നെ ബാൻ ചെയ്യുകയും അത്തരത്തിലേക്കുള്ള തടസ്സങ്ങളും ചെയ്യുകയാണ് ഭരണകൂടം . ഇവരെ ഇല്ലാതാക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട് പക്ഷേ എത്തരത്തിലേക്ക് ഇല്ലാതാക്കാൻ ശ്രമിച്ചാലും ഓരോ തവണയും ഞങ്ങൾ കൂടുതൽ ശക്തിയോടെ തിരിച്ചുവരും എന്നുള്ള കൃത്യമായ പ്രഖ്യാപനമാണ് കൊക്രോച് ജനതാ പാർട്ടിയുടെ ഭാഗമായി നിൽക്കുന്ന ആളുകൾ നടത്തിയത്.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടയ്ക്കാം.

ശബ്ദങ്ങളെ തടയാം.

പക്ഷേ ചോദ്യങ്ങളെ ഇല്ലാതാക്കാൻ സാധിക്കില്ല.

കോക്രോച്ച് പോലെ —

എത്ര തവണ ചവിട്ടിയാലും വീണ്ടും എഴുന്നേൽക്കുന്ന ജീവൻപോലെ — അണുബോംബ് വർഷിച്ചാലും ജീവൻ പോകാത്ത കൊക്രോച്.

ഈ തലമുറയും തിരിച്ചു വരവിന്റെ പാതയിലാണ്

കൂടുതൽ ശക്തിയോടെ.

കൂടുതൽ വ്യക്തതയോടെ.

സമൂഹത്തിൽ മാറ്റം വരേണ്ട സമയമാണിത്.

ചോദ്യം ചെയ്യുന്ന യുവത്വം ഒരു ഭീഷണി അല്ല, ഒരു പ്രതീക്ഷയാണ്.

രാജ്യത്തെ സ്നേഹിക്കുന്നവർ എല്ലായ്പ്പോഴും അധികാരത്തെ കൈയടിക്കണമെന്നില്ല;

ചിലപ്പോൾ അവർ ചോദ്യം ചെയ്യും, എതിർക്കും, മാറ്റം ആവശ്യപ്പെടും.

അതാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ സൗന്ദര്യം.

അധികാരത്തിൽ ഉള്ളവർക്ക് എന്തും ചെയ്യാം, നിങ്ങൾ എന്തു തന്നെ പറഞ്ഞാലും ഞങ്ങളെ ഒന്നും ചെയ്യാൻ സാധിക്കുക ഇല്ല എന്നും, ഞങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ മാത്രമേ ഇതിൽ എല്ലാം നടക്കുകയുള്ളൂ എന്ന ധാർഷ്ട്യത്തിന് മുന്നിൽ കീഴടങ്ങില്ല

“Am also a cockroach” എന്നത് ഒരു വാചകം അല്ല

നിശബ്ദരാകാൻ വിസമ്മതിക്കുന്ന ഒരു തലമുറയുടെ പ്രഖ്യാപനമാണ്.