'കുലംകുത്തികൾ ഓരിയിട്ടു, കോൺഗ്രസുകാർ സ്‌നേഹവായ്‌പ്പുള്ളവർ': കൂകിവിളിയിൽ മറുപടിയുമായി റിനി ആൻ ജോർജ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന വി.ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്നെ കൂകിയവർക്കെതിരെ റിനി ആൻ ജോർജ്. തനിക്കെതിരെയുണ്ടായ പ്രതിഷേധം കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ നടത്തിയ ഓരിയിടൽ ആയിട്ടാണ് കാണുന്നതെന്ന് റിനി പ്രതികരിച്ചു. അതിനെ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിച്ചെന്നും ഫേസ്ബുക്ക് പോസ്റ്റിൽ റിനി പറയുന്നു. 'വി.ഡി സതീശന്റെ മുഖ്യമന്ത്രിപദം തന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു. അത് നേരിട്ട് കാണാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായി. കൂവിയവർ കോൺഗ്രസുകാരാണെന്ന് കരുതുന്നില്ല. കോൺഗ്രസുകാർ തന്നോട് സ്‌നേഹവായ്‌പ്പോടെയാണ് പെരുമാറിയത്'-റിനി പറഞ്ഞു.
മുഖ്യമന്ത്രി വി. ഡി. സതീശനുമായി തനിക്ക് അടുത്ത വ്യക്തിബന്ധമുണ്ടെന്ന് റിനി മുമ്പും പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. സതീശനോടൊപ്പമുള്ള ചിത്രങ്ങളും അവർ നിരന്തരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി. ഡി സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചപ്പോൾ റിനി ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകളാണ് കോൺഗ്രസ് അണികളെ ചൊടിപ്പിച്ചത്. "പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും..." എന്നായിരുന്നു റിനിയുടെ പോസ്റ്റ്. വി. ഡി സതീശന്റെ മുഖ്യമന്ത്രി പദവിയെ പുകഴ്ത്തിക്കൊണ്ടുള്ള ഈ പോസ്റ്റ് കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.
ഇതിനുപുറമെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള മുൻ ആരോപണങ്ങളും അത് തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും കൂടി ഉയർത്തിക്കാട്ടിയാകാം പ്രവർത്തകർ പ്രതിഷേധിച്ചതെന്നാണ് സൂചന. റിനിക്ക് നേരെ പ്രവർത്തകർ കൂട്ടത്തോടെ കൂകിവിളിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്യുകയായിരുന്നു.
റിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,
മെയ് 18 2026
എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാൻ MLA എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ CM ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം. വേദിയിൽ നിന്ന് തന്നെ ആ ചരിത്ര മുഹൂർത്തം കണ്ണ് കുളിർക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട് ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു... അതിനെ ഞാൻ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിക്കുകയും ചെയ്തു. അവർ കോൺഗ്രെസ്സുക്കാർ ആണെന്ന് ഞാൻ കരുതുന്നില്ല കാരണം കോൺഗ്രെസ്സ്ക്കാർ അത്രയും സ്നേഹവായ്‌പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോൺഗ്രെസ്സുക്കാർ ആട്ടി ഓടിച്ചു എന്ന് പറയുന്നവർക്കായി ചടങ്ങിൽ സന്നിഹിതൻ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നു...