'നിന്നെ ഓർക്കാത്ത നിമിഷമില്ല, നെഞ്ചോട് ചേർത്ത് വച്ചിട്ട്, അത് പറിച്ചു മാറ്റപ്പെടുമ്പോഴുള്ള വേദന വലുതാണ്'
കാൻസർ അതിജീവനത്തിന്റെ കരുത്തായിരുന്ന നന്ദു മഹാദേവ വിടപറഞ്ഞിട്ട് അഞ്ച് വർഷം തികയുമ്പോൾ, പ്രിയപ്പെട്ടയാളിന്റെ ഓർമ്മകളിൽ നൊമ്പരമടക്കി നടി സീമ ജി. നായർ. നന്ദുവിനെ ഓർക്കാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ലെന്നും ആ വിയോഗം ഏൽപ്പിച്ച ആഘാതം ഇന്നും വിട്ടുമാറിയിട്ടില്ലെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സീമ ജി. നായർ പറയുന്നു.
സീമ ജീ നായരുടെ കുറിപ്പ് വായിക്കാം;
'നീ കടന്നുപോയിട്ട് അഞ്ച് വർഷം, അത് അഞ്ച് യുഗം പോലെയാണ് നിന്നെ സ്‌നേഹിച്ചവർക്കു തോന്നുന്നത്.. നിന്നെ ആദ്യമായി കണ്ട നിമിഷം ഇപ്പോഴും ഞാൻ മറന്നിട്ടിട്ടില്ല, അത് മസ്‌കറ്റ് എയർപോർട്ടിൽ വച്ചായിരുന്നു. നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല.. സ്‌നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിലെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. നെഞ്ചോട് ചേർത്ത് വച്ചിട്ട്, അത് പറിച്ചു മാറ്റപ്പെടമ്പോൾ ഉള്ള വേദനയുടെ ആഘാതം വലുതാണ്.. അതിന്റെ വ്യാപ്ത്തി അളക്കാൻ ആർക്കും കഴിയില്ല.. ഞങ്ങളുടെ പ്രിയപെട്ട മോൻ ഏത് ലോകത്താണെലും സന്തോഷമായി ഇരിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു.. നിന്റെ വേർപാടിന്റെ വേദന ഉൾകൊള്ളാൻ ശ്രമിച്ചുകൊണ്ട് ഞങ്ങൾ ഇവിടെയുണ്ട്' - സീമാ ജി നായർ കുറിച്ചു