സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ച് മുന്നേറും; പാർട്ടി തെറ്റുകൾ തിരുത്തുമെന്ന് കെ ടി ജലീൽ

Thursday 21 May 2026 12:58 PM IST

കുറ്റങ്ങളും കുറവുകളും മനുഷ്യസഹജമെന്നും പാർട്ടി തെറ്റുകൾ തിരുത്തുമെന്നും മുൻമന്ത്രി കെ ടി ജലീൽ. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല. ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം

ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളിൽ കട്ടക്ക് നിൽക്കും. അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിൻമുറക്കാരൻ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും.

കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം. പാർട്ടി തെറ്റുകൾ തിരുത്തും. നേതാക്കളും പ്രവർത്തകരും പിശകുകളെ മറികടക്കും. ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് മതനിരപേക്ഷതക്ക് കാവലിരിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ചെറുത്ത് തോൽപിക്കും.

സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഞാനുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്നതെല്ലാം അസംബന്ധങ്ങൾ. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല. ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും. ലാൽസലാം...