ഒരു വർഷത്തിനിടെ കളംവിട്ട് അരലക്ഷം നെൽക്കർഷകർ

Wednesday 27 May 2026 12:06 AM IST

ആലപ്പുഴ: നെല്ലിന്റെ സംഭരണ വില യഥാസമയം ലഭ്യമാകാത്തതും കാലാവസ്ഥാ വ്യതിയാനവും വിളനഷ്ടവും കാരണം ഒരു വർഷത്തിനിടെ നെൽകൃഷി ഉപേക്ഷിച്ചത് 56,052 കർഷകർ. സപ്ളൈകോ വെബ്സൈറ്റിലെ പാഡി പേയ്മെന്റ് സ്റ്റാറ്റസിലാണ് ഇക്കാര്യമുള്ളത്.

നെല്ല് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന പാലക്കാട്,തൃശൂർ,ആലപ്പുഴ ജില്ലകളിലാണ് ഏറ്റവുമധികം കർഷകർ പിൻമാറിയത്. കുട്ടനാടുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഉഷ്ണ തരംഗവും ഓരുവെള്ള പ്രവാഹവും പുഞ്ച നെൽകൃഷിക്ക് വൻ നഷ്ടമുണ്ടാക്കി. ഈ സീസണിലെ കണക്ക് പ്രകാരം ആലപ്പുഴ ജില്ലയിൽ മാത്രം 243 ഹെക്ടറിലുണ്ടായ നെൽകൃഷി നാശത്തിൽ 271 കർഷകർക്ക് 3.64കോടിയുടെ നഷ്ടമുണ്ടായി.

തിരിച്ചടികൾ

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച കൂലി വർദ്ധന

രാസവള,കീടനാശിനി വില വർദ്ധന

വിവിധ സബ്സിഡി കുടിശികകൾ

തൊഴിലാളി ക്ഷാമം

കേന്ദ്ര താങ്ങുവില ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കാത്തത്

കാലാവസ്ഥാ വ്യതിയാനത്താൽ വിളനഷ്ടം

ഉത്പാദന ചെലവിലെ വർദ്ധന

വിള ഇൻഷ്വറൻസ് പരിരക്ഷയും കൃഷി നാശ നഷ്ടപരിഹാരവും വൈകൽ

നെൽവില

(പുഞ്ചകൃഷി 2026)​

കർഷകർക്ക് കൊടുത്തത്...............550.74 കോടി

കൊടുക്കാനുള്ളത്............................745.04 കോടി

ആകെ.....................................................1,295.78കോടി

നെൽകൃഷിയോട് സർക്കാരുകൾ മുഖം തിരിക്കുകയും നെൽവില വിതരണത്തിലും വിവിധ ക്ഷേമാശ്വാസ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിലെ അലംഭാവവുമാണ് കർഷകർ കൃഷി നിറുത്തുന്നത്.

-സോണിച്ചൻ പുളുങ്കുന്ന്,

വോയ്സ് ഒഫ് ഗ്രേറ്റർ കുട്ടനാട് കർഷക കൂട്ടായ്മ