പനിപിടിച്ച് കേരളം: 1.48 ലക്ഷം കടന്ന് രോഗികൾ, അമീബിക് മസ്തിഷ്കജ്വര മരണം 13, ആശങ്കയായി എബോള വ്യാപനം
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നതിനു മുമ്പേ പകർച്ചപ്പനി രൂക്ഷമായി. ഈ മാസം മാത്രം രോഗബാധിതർ 1.48 ലക്ഷം കടന്നു. 26 ദിവസത്തനിടെ 1,48,089 പേരാണ് വിവിധ പനികൾ ബാധിച്ച് ചികിത്സ തേടിയത്. എലിപ്പനി, മലേറിയ, ഡെങ്കിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമീബിക് മസ്തിഷ്ക ജ്വരവും വ്യാപകമാണ്. 10 പേരാണ് ഈമാസം പനിബാധിച്ച് മരിച്ചത്. എട്ടുപേർ എലിപ്പനി ബാധിച്ചും രണ്ടു പേർ ഡെങ്കി ബാധിച്ചുമാണ് മരിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോളയെ സംസ്ഥാനം കരുതിയിരിക്കുന്നതിനാൽ എല്ലാ പനിബാധിതരുടെയും വിദേശയാത്ര ചരിത്രമുൾപ്പെടെ പരിശോധിക്കുന്നുണ്ട്. സാധാരണ പകർച്ചപ്പനിയുടെ ലക്ഷണങ്ങളാണ് എബോളയ്ക്കുമുള്ളത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പനിപടരുന്നതിനിടെ എബോള ആശങ്കയാകുന്നത്.
ഈമാസം ഇതുവരെ 1.44 ലക്ഷം പേരാണ് പകർച്ചപ്പനിക്ക് ചികിത്സതേടിയത്. ഇന്നലെ മാത്രം 7705 പേരെത്തി.
3005പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സതേടിയത്. ഇതിൽ 703 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. എലിപ്പനി ലക്ഷണങ്ങളോടെ എത്തിയ 224 പേരിൽ 122 പേർക്ക് രോഗം കണ്ടെത്തി. മറ്റുള്ളവരുടെ അന്തിമഫലം ലഭ്യമാകാനുണ്ട്. പ്രധാനമായും ജലാശയങ്ങളിൽ നിന്ന് പടരുന്ന അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് വലിയ വെല്ലുവിളിയാണ്. ഈമാസം 27 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതിൽ 13പേരും മരിച്ചു.
വയറിളക്കരോഗങ്ങളും രൂക്ഷം
ഈമാസം മാത്രം 42868 പേരാണ് വയറിളക്കരോഗങ്ങൾക്ക് ചികിത്സ തേടിയത്. 2416 പേർ ഇന്നലെ ആശുപത്രിയിലെത്തി. മലിനജലത്തിലൂടെ പടരുന്ന ബാക്ടീയായ ഷിഗെല്ല 31 പേർക്കാണ് ഈമാസം ബാധിച്ചത്. കടുത്ത ചൂടും ഇടയ്ക്കിടെ പെയ്യുന്ന മഴയും ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നതിനാൽ തിളപ്പിച്ച വെള്ളം കുടിക്കാനും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
മഴക്കാല രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും അടിയന്തരമായി ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കുറഞ്ഞത് രണ്ടാഴ്ചയ്ക്കുള്ള മരുന്നും ഉപകരണങ്ങളും സംഭരിച്ചു വയ്‌ക്കേണ്ടതാണ്.
-കെ.മുരളീധരൻ
ആരോഗ്യമന്ത്രി