കിലോയ്ക്ക് 400 രൂപ വരെ; കെെനിറയെ സമ്പാദിക്കാൻ മലയാളികൾക്ക് ഈ കൃഷി തിരഞ്ഞെടുക്കാം

Monday 01 June 2026 3:26 PM IST

ആരോഗ്യം ശ്രദ്ധിക്കുന്നവർ അവരുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്ന ഒരു പഴമാണ് അവക്കാഡോ. ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും അടങ്ങിയ അവക്കാഡോ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും മികച്ചതാണ്. ഫെെബർ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ദഹനവും സുഗമമാക്കാനും സഹായിക്കുന്നു.

കേരളത്തിൽ വെണ്ണപ്പഴം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ ആരോഗ്യഗുണങ്ങൾ കാരണം നിരവധിപേരാണ് ഇവ വാങ്ങുന്നത്. അതിനാൽ വിദേശത്തുനിന്ന് വരെ അവക്കാഡോ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിലെ കാലാവസ്ഥയിൽ മികച്ച ഒരു കൃഷിയാണ് അവക്കാഡോയെന്ന് പലരും മറക്കുന്നു. നല്ല വരുമാനവും അവക്കാഡോ കൃഷിയിലൂടെ നേടാം.

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായത് ഗ്വാട്ടിമാലൻ, വെസ്റ്റ് ഇന്ത്യൻ, മെക്സിക്കൽ ഇനങ്ങളാണ്. ഗുണമേന്മയുള്ള ഗ്രാഫ്റ്റ് ചെയ്ത ചെറു ചെടികൾ തിരഞ്ഞെടുക്കുകയും മഴക്കാലം തുടങ്ങുന്നതിന് മുൻപ് നടീൽ നടത്തുകയും ചെയ്യുന്നത് നല്ലതാണ്. വെള്ളക്കെട്ടില്ലാത്തതും നല്ല നീരൊഴുക്കുള്ളതുമായ സ്ഥലങ്ങളാണ് അവക്കാഡോ കൃഷിക്ക് ഏറ്റവും അനുയോജ്യം. തടങ്ങൾ ഉയർത്തിയശേഷം തെെകൾ നടുന്നതായിരിക്കും നല്ലത്.

മണ്ണിന്റെ പിഎച്ച് അഞ്ചരയ്ക്കും ആറരയ്ക്കും (5.5 - 6.5) മദ്ധ്യേ നിർബന്ധമായും നിലനിർത്തുകയും വേണം. കുമ്മായം അല്ലെങ്കിൽ ഡോളോമെെറ്റ്, ജിപ്സം ചേർത്ത് പിഎച്ച് ക്രമീകരിക്കാം. നാലാം വർഷം മുതൽ വിളവെടുപ്പ് ആരംഭിക്കാം. ഒരു മരത്തിൽ നിന്ന് ശരാശരി 100 മുതൽ 300 വരെ പഴങ്ങൾ ലഭിക്കും. വിപണിയിൽ കിലോയ്ക്ക് 150 മുതൽ 400 വരെയാണ് വില. ഗുണനിലവാരം അനുസരിച്ച് വിലയിൽ മാറ്റം വരാം.