
ദക്ഷിണ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകളുടെ ഒരു കൂട്ടമാണ് ഫ്രഞ്ച് പോളിനേഷ്യ. 130ലധികം ദ്വീപുകൾ അടങ്ങിയ ഈ പ്രദേശം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഫ്രഞ്ച് പോളിനേഷ്യയിലെത്തി ദ്വീപുകളിലേയ്ക്ക് യാത്ര പോകാൻ വിനോദസഞ്ചാരികളിൽ ഭൂരിഭാഗം പേരും ക്രൂയിസ് കപ്പലുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ തിരക്കുകളിൽ നിന്ന് മാറി ശാന്തമായി യാത്ര ചെയ്യാനും തീരദേശ റോഡുകളിലൂടെ സ്വന്തം ഇഷ്ടപ്രകാരം ചുറ്റിക്കറങ്ങാനും ആഗ്രഹിക്കുന്നവർക്ക് തികച്ചും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന ഒരു മനോഹരമായ ദ്വീപ് ഫ്രഞ്ച് പോളിനേഷ്യയിലുണ്ട്. പറഞ്ഞുവരുന്നത് 'മോറിയ' ദ്വീപിനെ കുറിച്ചാണ്.
ഏകദേശം 1.5 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഒരു അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി രൂപപ്പെട്ട ദ്വീപാണ് മോറിയ. ഒരു പെർഫെക്റ്റ് റോഡ് ട്രിപ്പിന് അനുയോജ്യമായ രീതിയിലാണ് മോറിയയുടെ ഭൂപ്രകൃതി. മലനിരകളാൽ ചുറ്റപ്പെട്ട മോറിയ ദ്വീപിന് ചുറ്റുമായി 60 കിലോമീറ്റർ (37.3 മൈൽ) നീളമുള്ള ഒരൊറ്റ റോഡ് മാത്രമാണുള്ളത്. ഈ പാതയിലൂടെയുള്ള യാത്രയിൽ പവിഴപ്പുറ്റുകളാൽ നിറഞ്ഞ തടാകങ്ങളും തെങ്ങിൻതോപ്പുകളും, പച്ചപ്പണിഞ്ഞ മലനിരകളും കാണാം. ഇവിടെ വലിയ കെട്ടിടങ്ങളോ ട്രാഫിക് സിഗ്നലുകളോ പ്രധാനപ്പെട്ട നഗരങ്ങളോ ഒന്നുമില്ല. പകരം ചെറിയ ഗ്രാമങ്ങളും വഴിയോര കടകളും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും മനോഹരമായ കടലും മാത്രമാണുള്ളത്. ഈ പ്രകൃതി ഭംഗി വേണമെങ്കിൽ ഒരൊറ്റ ദിവസം കൊണ്ട് കണ്ടുതീർക്കാം.

ഫ്രഞ്ച് പോളിനേഷ്യ ഉൾപ്പെടുന്ന ദ്വീപുകളുടെ ശൃംഖലയായ തഹിതിയിൽ നിന്ന് ഫെറി(വള്ളം) മാർഗം വെറും 30 മിനിറ്റ് മാത്രം സഞ്ചരിച്ചാൽ മോറിയ ദ്വീപിൽ എത്താം. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഫ്രഞ്ച് പോളിനേഷ്യൻ ദ്വീപുകളിൽ ഒന്നാണിത്. ഇലക്ട്രിക് ബൈക്കുകളിൽ 133 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപ് ചുറ്റിക്കാണാനായി ഒരു ദിവസം മാത്രം ഇവിടെയെത്തുന്നത് പതിനായിരക്കണക്കിന് സഞ്ചാരികളാണ്.
ഇളം നീലനിറത്തിലുള്ള തടാകവും വെളുത്ത മണൽത്തീരത്തേക്ക് ചാഞ്ഞുനിൽക്കുന്ന തെങ്ങുകളും മലനിരകളും മോറിയയുടെ പ്രധാന ആകർഷണങ്ങളാണ്. മോറിയയുടെ വടക്കൻ തീരത്തിന് ഡബ്ലിയു ആകൃതിയാണ്. പോളിനേഷ്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്ന് കരുതുന്ന വെളുത്ത പക്ഷികൾ മലനിരകൾക്ക് മുകളിലൂടെ പറക്കുന്നതും തെളിഞ്ഞ കടൽ വെള്ളത്തിനടിയിലൂടെ മനോഹരമായ വർണ്ണമത്സ്യങ്ങൾ നീന്തുന്നതും സഞ്ചാരികളുടെ കണ്ണിനും മനസിനും സന്തോഷം നൽകുന്ന കാഴ്ച്ചയാണ്. പണ്ടുകാലത്തെ പവിത്രമായ ആചാരങ്ങളുടെ ഭാഗമായി നിർമ്മിച്ച 'മാരേ' അഥവാ കല്ലുകൊണ്ടുള്ള ആരാധനാലയങ്ങളാണ് മോറിയ യാത്രയിലെ മറ്റൊരു പ്രധാന ആകർഷണം.

ദ്വീപിൽ സഞ്ചാരികൾക്ക് താമസിക്കാൻ ആഡംബര റിസോർട്ടുകൾക്ക് പുറമെ വടക്ക്-പടിഞ്ഞാറൻ തീരത്തുള്ള തിയാഹുരയിൽ കുറഞ്ഞ ചെലവിൽ പരമ്പരാഗത രീതിയിലുള്ള കുടിലുകളും ലഭ്യമാണ്. ഇവിടെ നിന്ന് സൗജന്യമായി ലഭിക്കുന്ന കയാക്കുകൾ ഉപയോഗിച്ച് തടാകങ്ങളിലൂടെ തുഴഞ്ഞും കാഴ്ചകൾ കാണാം. കടലിലിറങ്ങി മനോഹരമായ പവിഴപ്പുറ്റുകളും വൈവിധ്യമാർന്ന സമുദ്രജീവികളെയും തൊട്ടടുത്ത് കാണാൻ സാധിക്കുമെന്നതാണ് മറ്റൊരു ആകർഷണം.

മോറിയയിലെ ഭക്ഷണ വിഭവങ്ങളും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പോളിനേഷ്യൻ പാരമ്പര്യത്തോടൊപ്പം ഫ്രഞ്ച്, ചൈനീസ് സ്വാധീനവും ഭക്ഷവിഭവങ്ങളിൽ കാണാം.യാത്ര തുടങ്ങിയിടത്ത് അവസാനിക്കുമ്പോൾ സഞ്ചാരികൾക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളും കാഴ്ച്ചകളുമാകും മോറിയ സമ്മാനിക്കുക.
പ്രകൃതിക്ക് കോട്ടം വരുത്താതെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റിയ ഒരു മികച്ച റോഡ് ട്രിപ്പായിരിക്കും ഇത്. മോറിയ സന്ദർശിക്കാൻ മേയ് - ജൂൺ, സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളാണ് ഏറ്റവും അനുയോജ്യം. തിമിംഗലങ്ങളെ കാണാനും അവയ്ക്കൊപ്പം സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നവർക്ക് ജൂലയ് മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ മോറിയയിലേയ്ക്ക് യാത്ര പോകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |