സാമ്പാറിലും മീൻകറിയിലും വാരി ഇടുന്ന മുളകുപൊടിയിൽ ഇതൊക്കെയാണോ ചേർത്തിരിക്കുന്നത്!

Saturday 30 May 2026 12:42 PM IST

കേരളീയ പാചകരീതിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറികൾക്ക് പ്രത്യേക നിറവും എരിവും നൽകുന്ന മുളകുപൊടി. മെറ്റബോളിസം വർദ്ധിപ്പിക്കാനും ദഹനത്തെ സഹായിക്കാനും മുളകുപൊടി കൃത്യമായ അളവിൽ ഉപയോഗിക്കുന്നത് ഗുണകരമാണ്. മുളകിലുള്ള 'കാപ്‌സൈസിൻ' എന്ന ഘടകം ശരീരഭാരം നിയന്ത്രിക്കാനും ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കാനും സഹായിക്കും. ചുവന്ന മുളകുപൊടിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.

സാമ്പാർ, മീൻകറി, തീയൽ തുടങ്ങി തീൻ മേശയിലെ എല്ലാ വിഭവങ്ങളിലും പല അളവിൽ മുളകുപൊടി ചേർക്കുന്നവരാണ് മലയാളികൾ. എന്നാൽ ഉപയോഗിക്കുന്ന മുളകുപൊടിയുടെ ഗുണനിലവാരം കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തുന്നവർ എത്ര പേരുണ്ട്. മുളകുപൊടിയുടെ ഭാരം കൂട്ടാനും ആകർഷകമായ ചുവപ്പ് നിറം നൽകാനും വേണ്ടി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന മായങ്ങളാണ് ചേർക്കുന്നത്.

ഇഷ്ടികപ്പൊടി, കൃത്രിമ നിറങ്ങൾ (സുഡാൻ റെഡ് പോലുള്ളവ), ടാൽക്കം പൗഡർ, അന്നജം (സ്റ്റാർച്ച്), സോപ്പ്സ്റ്റോൺ എന്നിവയാണ് മായം ചേർക്കാൻ ഉപയോഗിക്കുന്നത്. ഇന്ത്യൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർദേശിക്കുന്ന ലളിതമായ ചില വീട്ടുവൈദ്യങ്ങളിലൂടെ മുളകുപൊടിയിലെ മായം എളുപ്പത്തിൽ കണ്ടെത്താനാകും.

  • വെള്ളം ഉപയോഗിച്ചുള്ള പരിശോധന (കൃത്രിമ നിറം, ഇഷ്ടികപ്പൊടി എന്നിവയ്ക്ക്)

ഒരു ഗ്ലാസ്സ് സുതാര്യമായ വെള്ളത്തിൽ ഒരു ടീസ്പൂൺ മുളകുപൊടി വിതറുക. ശുദ്ധമായ മുളകുപൊടിയാണെങ്കിൽ അത് പതുക്കെ വെള്ളത്തിന്റെ അടിയിൽ അടിയും,​ വെള്ളത്തിന് പെട്ടെന്നുള്ള നിറവ്യത്യാസം ഉണ്ടാകില്ല. കൃത്രിമ നിറം ചേർത്തതാണെങ്കിൽ വെള്ളത്തിലേക്ക് വീഴുമ്പോൾത്തന്നെ ചുവന്ന നിറത്തിലുള്ള വരകൾ താഴേക്ക് പടരുന്നത് കാണാൻ സാധിക്കും. ഇഷ്ടികപ്പൊടിയോ മണലോ ഉണ്ടെങ്കിൽ അവ ഗ്ലാസിന്റെ അടിത്തട്ടിൽ കട്ടിയായി അടിയുകയും ചെയ്യും.

  • കൈപ്പത്തിയിൽ തിരുമ്മിയുള്ള പരിശോധന (ഇഷ്ടികപ്പൊടി, സോപ്പ്സ്റ്റോൺ എന്നിവയ്ക്ക്)

ഗ്ലാസിന്റെ അടിയിൽ അടിഞ്ഞ അവശിഷ്ടത്തിൽ നിന്നും കുറച്ച് എടുത്ത് ഉള്ളംകയ്യിൽവച്ച് തിരുമ്മി നോക്കുക. തരിതരിപ്പായി അനുഭവപ്പെടുകയാണെങ്കിൽ അതിൽ ഇഷ്ടികപ്പൊടിയോ മണലോ അടങ്ങിയിട്ടുണ്ട്. പശപോലെയോ വഴുക്കലോ അനുഭവപ്പെടുകയാണെങ്കിൽ അതിൽ സോപ്പ്സ്റ്റോൺ അല്ലെങ്കിൽ ടാൽക്കം പൗഡർ ചേർത്തിട്ടുണ്ടാകാം.

  • അയോഡിൻ പരിശോധന (അന്നജം / സ്റ്റാർച്ച് കണ്ടെത്താൻ)

അല്പം മുളകുപൊടി എടുത്ത് അതിൽ കുറച്ച് തുള്ളി അയോഡിൻ ലായനി ചേർക്കുക. മുളകുപൊടിയുടെ നിറം പെട്ടെന്ന് നീലയായി മാറുകയാണെങ്കിൽ അതിൽ സ്റ്റാർച്ച് (അന്നജം) അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പിക്കാം.