ഒരു മുട്ടയ്ക്ക് 800 രൂപ; ലക്ഷങ്ങൾ സമ്പാദിക്കാം, ഹിറ്റായി കർഷകന്റെ അരയന്ന കൃഷി

Wednesday 03 June 2026 2:01 PM IST

വിദേശത്ത് കഴിഞ്ഞിരുന്ന പല പ്രവാസികൾക്കും കൊവിഡിന് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ മടങ്ങിവന്നവരിൽ ചിലർ വേറെ ജോലികൾ തിരഞ്ഞെടുക്കുകയും മറ്റും ചിലർ സ്വയം തൊഴിൽ ആരംഭിക്കുകയും ചെയ്തു. അത്തരത്തിൽ ഗ്രാമത്തിലേക്ക് മടങ്ങിവന്ന ശേഷം വ്യത്യസ്തതരം മേഖല തിരഞ്ഞെടുത്ത ഒരു കർഷകന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ബീഹാറിലെ ദർഭംഗ ജില്ലയിലെ ജാലെ ബ്ലോക്കിൽ നിന്നുള്ള ശശി രജ്ഞൻ എന്ന കർഷകന്റെതാണ് ഈ വിജയഗാഥ.

കോഴി വളർത്തൽ, താറാവ് വളർത്തൽ, കാട വളർത്തൽ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകാം. എന്നാൽ ശശി തിരഞ്ഞെടുത്തത് ഇവയൊന്നുമല്ല. മറിച്ച് അരയന്നത്തെ വളർത്തുന്നതാണ്. ഒരു ചെറിയ സംരംഭമായി തുടങ്ങിയ ഇതാണ് ഇപ്പോഴത്തെ അവരുടെ പ്രധാന ഉപജീവനമാർഗം. അരയന്നത്തിന്റെ മുട്ടകളും മറ്റും വിറ്റാണ് ഇയാൾ പണം കണ്ടെത്തുന്നത്. ഒരു അയന്നത്തിന്റെ മുട്ടയ്ക്ക് 700 മുതൽ 800 രൂപവരെയാണ് വിലയെന്ന് ശശി പറയുന്നു. അരയന്നത്തിന്റെ മുട്ടയ്ക്ക് ഉയർന്ന് പോഷകഗുണങ്ങൾ ഉണ്ടെന്നും അതിനാൽ തന്നെ ഈ മുട്ടയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണെന്നും ശശി വ്യക്തമാക്കി.

അരയന്നങ്ങളുടെ കുഞ്ഞുങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ഒരു ജോഡിക്ക് 4,000 മുതൽ 5,000 രൂപ വരെ വിലയുണ്ട്. ബീഹാറിലെ പുസ മേഖലയിലെ ഫാമിൽ നിന്നുള്ള അപൂർവ ഇനം ഫ്ലമിംഗോയും ശശി വളർത്തുന്നുണ്ട്. ഈ പക്ഷികൾ വർഷത്തിൽ ആറ് മുട്ടകൾ ഇടുമെന്നും 10 മുതൽ 12 വർഷം വരെ ജീവിക്കുമെന്നും അദ്ദേഹം പറയുന്നു.

അരയന്ന വളർത്തലിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന് അതിന്റെ കുറഞ്ഞ പരിപാലനച്ചെലവ് ആണെന്നും ശശി കൂട്ടിച്ചേർത്തു. സമീപത്തെ ഒരു കുളമോ ചെറിയ ജലാശയമോ ലഭ്യമാണെങ്കിൽ പക്ഷികളെ എളുപ്പത്തിൽ വളർത്താം. പുല്ല്, പ്രാണികൾ, ചെറുമത്സ്യങ്ങൾ എന്നിവയാണ് പ്രധാന ആഹാര സ്രോതസ്സുകൾ. ഇത് തീറ്റയുടെ ചെലവ് കുറയ്ക്കുന്നു. മാത്രവുമല്ല മറ്റ് കോഴികളെയോ പക്ഷികളെയോ അപേക്ഷിച്ച് രോഗങ്ങൾ വരാനുള്ള സാദ്ധ്യത ഇവയ്ക്ക് കുറവാണ്. അതിനാൽ ആരോഗ്യ സംരക്ഷണ ചെലവും കുറവാണെന്ന് അദ്ദേഹം വ്യക്തമാക്കി.