23 വർഷത്തെ അദ്ധ്യാപനം, പിന്നാലെ പിതാവിന്റെ ആഗ്രഹം സഫലമാക്കാൻ 52ാം വയസിൽ സിഎ ആയി അനിത

Saturday 30 May 2026 3:32 PM IST

ആഗ്രഹങ്ങൾ സഫലമാക്കാൻ പ്രായം ഒരിക്കലും തടസമല്ലെന്ന് തെളിയിക്കുകയാണ് 52കാരിയായ അനിത കാപ്‌ഡി. മകളെ ചാർട്ടേഡ് അക്കൗഡന്റാക്കുകയെന്ന പിതാവിന്റെ സ്വപ്നം 52ാം വയസിൽ പൂർത്തീകരിച്ചിരിക്കുകയാണ് ഈ മുംബയ് സ്വദേശിനി.

കൊമേഴ്‌സിൽ ബിരുദം നേടിയ അനിത 22ാം വയസിൽ വിവാഹിതയായി. തുടർന്ന് ഗുജറാത്തിലേയ്ക്ക് താമസം മാറുകയും ചെയ്തു. ഇതിനിടെ ഒരു സിബിഎസ്‌ഇ സ്‌കൂളിൽ ആർട്ട് ആന്റ് ക്രാഫ്റ്റ് അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ഇക്കാലയളവിലാണ് തനിക്ക് മാത്തമാറ്റിക്‌സിനോടും അക്കൗണ്ടന്റ്‌സിയോടുമുള്ള പ്രിയം അനിത തിരിച്ചറിയുന്നത്. അദ്ധ്യാപനത്തോടൊപ്പം അനിത ബിഎ‌‌ഡും എം കോമും പൂർത്തിയാക്കി. ഇതിനിടെ മൂന്ന് കുട്ടികളുടെ അമ്മയുമായി.

23 വർഷത്തെ അദ്ധ്യാപന ജീവിതത്തിനുശേഷം വിരമിക്കലിനൊരുങ്ങുമ്പോഴാണ് പിതാവിന്റെ വാക്കുകൾ അനിതയുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. തന്റെ മകളുടെ സിഎ മോഹം വിദ്യാർത്ഥി കാലത്തിൽ പിന്തുണയ്ക്കാത്തതിൽ കമ്പനി സെക്രട്ടറിയായ അദ്ദേഹത്തിന് കുറ്റബോധം തോന്നി.

പിതാവിന്റെ ആ കുറ്റബോധത്തിൽ അനിതയിൽ പുതിയ ലക്ഷ്യമുദിച്ചു. പിതാവിന്റെ 75ാം ജന്മദിനത്തിൽ അദ്ദേഹത്തിന് സിഎ ഡിഗ്രി സമ്മാനിക്കുക. അങ്ങനെ 48ാം വയസിൽ ഐസിഎഐയുടെ ഡയറക്‌ട് എൻട്രി സംവിധാനത്തിലൂടെ അവർ സിഎയ്ക്ക് രജിസ്റ്റർ ചെയ്തു. കോച്ചിംഗിനോ മറ്റോ പോകാതെ ആദ്യത്തെ ശ്രമത്തിൽതന്നെ അനിത സിഎയുടെ ഐപിസിസി എന്ന പരീക്ഷ പാസായി.

ഇതിനുശേഷമാണ് അനിതയുടെ ജീവിതം ചില നിർണായക ഘട്ടങ്ങളിലൂടെ കടന്നുപോയത്. മകളുടെ വിവാഹം, മകന്റെ ബോർഡ് പരീക്ഷ, സിഎ അവസാന പരീക്ഷയ്ക്ക് പത്തുദിവസം മുൻപ് അമ്മായിമ്മയുടെ മരണം. എന്നിരുന്നാലും തോറ്റുപിന്മാറാൻ അനിത തയ്യാറായില്ല. 52ാം വയസിൽ ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന പിതാവിന്റെ സ്വപ്നം അനിത സഫലമാക്കി.