ഏത് വശത്തേക്കും പായും,​ കടലിലെ മുള്ളൻപന്നിയുടെ രൂപം, 360 ഡിഗ്രി കാഴ്ച; ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച് സൂപ്പർ റോബോട്ട്

Saturday 30 May 2026 10:33 PM IST

റോബോട്ടിക് നിർമാണത്തിൽ കാലങ്ങളായി തുടർന്നുപോന്ന രീതികളെ തിരുത്തി കുറിച്ച് ശാസ്ത്രജ്ഞർ. നായ്ക്കളുടെയും പ്രാണികളുടെയും മനുഷ്യരുടെയും രൂപങ്ങളെ അനുകരിച്ച് റോബോട്ടുകളെ നിർമിക്കുന്ന പതിവ് ശൈലിക്ക് വിപരീതമായാണ് ഗവേഷകരുടെ പുതിയ കണ്ടുപിടിത്തം. കടലിൽ ജീവിക്കുന്ന മുള്ളൻപന്നിയെപ്പോലെ തോന്നിപ്പിക്കുന്ന, മുൻഭാഗമോ പിൻഭാഗമോ വശങ്ങളോ ഇല്ലാത്ത 'അർഗസ്' എന്ന സൂപ്പർ റോബോട്ടിനെയാണ് യുഎസിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തത്.

ഗ്രീക്ക് പുരാണത്തിലെ അർഗസ് എന്ന കാവൽഭൂതത്തിന്റെ പേരാണ് 20 കാലുകളുള്ള ഈ യന്ത്രത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. ശാസ്ത്ര മാസികയായ 'സയൻസ് റോബോട്ടിക്സിൽ' മേയ് 27നാണ് പുതിയ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവ ഒരിക്കലും മൃഗങ്ങളുടെ രൂപത്തെ അനുകരിക്കരുത് എന്ന തത്വത്തെ മുൻ നിർത്തി 12 വശങ്ങളുള്ള 3D രൂപത്തിലാണ് ഗവേഷകർ ഇത് രൂപപ്പെടുത്തിയത്.

ഇതിലേക്ക് ടെലിസ്‌കോപ്പിന് സമാനമായ 20 കാലുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഒരു കാലിന് ഏകദേശം 28500 രുപയാണ് ചെലവ്. (300 ഡോളർ). ഓരോ കാലിന്റെയും അറ്റത്ത് ഓരോ ഡെപ്ത് ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ റോബോട്ടിന് ചുറ്റുമുള്ള 360 ഡിഗ്രി ദൃശ്യങ്ങളും ഒരേസമയം കൃത്യമായി കാണാൻ സാധിക്കും. ലാബിലെ പരീക്ഷണങ്ങൾക്ക് ശേഷം ഡ്യൂക്ക് യൂണിവേഴ്സിറ്റി ക്യാമ്പസ് പരിസരങ്ങളിൽ അർഗസിനെ ഗവേഷകർ പരീക്ഷിച്ചു. കോൺക്രീറ്റ് റോഡുകൾ, പുൽത്തകിടി, മണൽത്തിട്ടകൾ, വഴുക്കലുള്ള പ്രതലങ്ങൾ എന്നിവയിലൂടെയെല്ലാം വളരെ എളുപ്പത്തിലാണ് ഈ റോബോർട്ട് സഞ്ചരിച്ചത്.

ദിശ മാറാൻ വേണ്ടി ഈ റോബോട്ടിന് തിരിഞ്ഞു നിൽക്കേണ്ട ആവശ്യമില്ല. ഏത് വശത്തേക്ക് വേണമെങ്കിലും നേരിട്ട് സഞ്ചരിക്കാം. പരീക്ഷണത്തിനിടയിൽ റോബോട്ടിന്റെ മൂന്ന് കാലുകൾ ഒടിച്ചുകളഞ്ഞിട്ടും, ബാക്കി 17 കാലുകൾ ഉപയോഗിച്ച് യാതൊരു തടസവുമില്ലാതെ സുഗമമായി സഞ്ചരിക്കാൻ അർഗസിന് സാധിച്ചു. ഗവേഷകർ തള്ളിയിടാൻ ശ്രമിച്ചിട്ട് പോലും അർഗസ് വീഴാതെ സ്വയം ബാലൻസ് ചെയ്തു.

മരങ്ങൾക്കിടയിലൂടെയും ദുർഘടമായ പാതകളിലൂടെയും അർഗസ് നീങ്ങുന്നത് കാണുമ്പോൾ മറ്റേതൊരു റോബോട്ടിന്റെ ചലനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണ് നൽകുന്നതെന്ന് ഗവേഷകർ പറയുന്നു. ഭാവിയിൽ ദുരന്ത നിവാരണ മേഖലകളിലും ദുർഘടമായ ഭൂപ്രദേശങ്ങളിലെ പര്യവേക്ഷണങ്ങൾക്കും അർഗസിന്റെ പുതിയ ഡിസൈൻ വൻ വിപ്ലവം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.