ഇന്ത്യക്കാർക്ക് ഐ ഫോൺ വാങ്ങാൻ ഇനിമുതൽ പറ്റിയേക്കില്ല, പക‌രം അരങ്ങുവാഴാൻ പോകുന്നത്

Friday 04 April 2025 12:02 PM IST

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ഐഫോൺ എന്നത് ഇനി സ്വപ്നമായേക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇതിന് പ്രധാന കാരണക്കാരൻ. ട്രംപ്, ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങളുടെ മേൽ അധിക തീരുവകൾ ചുമത്തിയതോടെ ഐഫോൺ വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

തീരുവകൾ ചുമത്തിയതിനെത്തുടർന്നുള്ള അധിക ചെലവുകൾ പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനി തയ്യാറായാൽ ഐഫോൺ വില ഇപ്പോഴുള്ളതിൽ നിന്ന് മുപ്പതുമുതൽ നാൽപ്പതുശതമാനംവരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ കമ്പനിയെ ഇത് ദോഷകരമായി ബാധിച്ചേക്കും. അതിനാൽത്തന്നെ ചെലവുകൾ മുഴുവൻ ഉപഭോക്താക്കൾക്ക് കൈമാറാൻ ആപ്പിൾ തയ്യാറായേക്കില്ല.

ഇപ്പോഴത്തെ വിലയിൽ സാധാരണക്കാർക്ക് താങ്ങാനാവുന്ന ഏറ്റവും പുതിയ മോഡൽ ഐഫോൺ iPhone 16 ആണ്. 68,000 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ ഇപ്പോഴത്തെ വില. തീരുവ വർദ്ധന പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറാൻ തയ്യാറാൽ വില 97,000 രൂപയിൽ കൂടുതൽ ആവുമെന്നാണ് റിപ്പോർട്ട്. ഇത്രയും വിലയ്ക്ക് ഫോൺ വാങ്ങാൻ മദ്ധ്യവർഗക്കാർ തയ്യാറായേക്കില്ല. iPhone 16 Pro Max പ്രീമിയം മോഡലുകൾക്ക് വില രണ്ടുലക്ഷംവരെ ആയേക്കും.

വിലക്കയറ്റമുണ്ടാകുന്ന സാഹചര്യത്തിൽ പ്രത്യേക ഇളവുകൾ നൽകി വില പിടിച്ചുനിർത്താൻ ആപ്പിൾ ശ്രമിക്കാറുണ്ട്. എന്നാൽ തീരുവ വർദ്ധിപ്പിക്കാനുള്ള തീരുമാനം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അത്തരത്തിലൊരു ഇളവും കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ സാംസങ് പോലുള്ള മറ്റ് ബദലുകളിലേക്ക് ഉപഭോക്താക്കൾ മാറിയേക്കാമെന്നും ബിസിനസ് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. അവസരം മുതലാക്കി മറ്റ് കമ്പനികൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആധിപത്യം സ്ഥാപിച്ചേക്കാമെന്നും അവർ പറയുന്നുണ്ട്.