ഹൈക്കു കഥകൾ
മാരുതൻ
കാറ്റ് നിരന്തരം മുട്ടിയപ്പോൾ രാത്രിയാണെന്നൊന്നും നോക്കാതെ കതക് സ്വയം തുറന്നു. ശബ്ദം കേട്ടുണർന്ന അയാൾ നാലുപാടും നോക്കി. കട്ടിലിൽ കിടന്നുറങ്ങിയിരുന്ന ഭാര്യയെ നിലത്തേക്കു വലിച്ചിട്ട് പുലഭ്യം പറഞ്ഞ് ചവിട്ടുന്നതു കണ്ടപ്പോൾ കാറ്റിന് മുട്ടേണ്ടിയിരുന്നില്ലെന്നും കതകിന് തുറക്കേണ്ടിയിരുന്നില്ലെന്നും തോന്നി.
പ്രയാസം
''വല്ലാത്ത പ്രയാസമുണ്ടല്ലെ?" ഭർത്താവ് ചോദിച്ചു. ''എന്തിന്?" ''ഭക്ഷണമുണ്ടാക്കാൻ, കുട്ടികളെ നോക്കാൻ, അടിച്ചു തുടയ്ക്കാൻ.... അങ്ങനെ എന്തോരം പണികളാണ് നീ ചെയ്യുന്നത്?" ''നമുക്കുള്ള ഭക്ഷണമല്ലേ, നമ്മുടെ മക്കളല്ലേ, നമ്മുടെ വീടല്ലേ.... ഒരു പ്രയാസവുമില്ല." ഭാര്യ പുഞ്ചിരിച്ചു.
ബഹുമതി
ജീവിച്ചിരുന്നപ്പോൾ അർഹമായ പലതും കിട്ടാതെ പോയിട്ടുണ്ട്. മരണശേഷവും അങ്ങനെയൊക്കെ സംഭവിക്കില്ലെന്നതിന് എന്തുറപ്പാണുള്ളത്? ശവത്തിന് നാണക്കേടുണ്ടാക്കാൻ പാടില്ലല്ലോ? കവിയുടെ ഒസ്യത്തിൽ ഒരു പ്രത്യേക പരാമർശമുണ്ടായിരുന്നു. ''മരണാനന്തര ബഹുമതികളൊന്നും സ്വീകരിക്കുന്നതല്ല."
തർക്കം
തർക്കം മൂത്തപ്പോൾ ചന്ദ്രൻ പറഞ്ഞു. ''ഞാൻ പകലും രാത്രിയും കണ്ടവനാണ്. നീയെത്ര ശ്രമിച്ചാലും നിനക്ക് രാത്രിയെ കാണാൻ പറ്റില്ല." സൂര്യന്റെ മുഖം വാടി, മാനത്ത് ചെഞ്ചായം പടർന്നു. വിഷാദപൂർവം സൂര്യനസ്തമിച്ചു.