ഋതുവർഷസന്ധ്യകൾ
വർഷസന്ധ്യതൻ സിന്ദൂരഭൂമിയിൽ സ്വർണവാഹിനീ തരംഗതലങ്ങളിൽ വർണമേഘങ്ങൾ ചാലിച്ചചായങ്ങൾ അകലെയേതോ വിഭാത സ്വപ്നങ്ങളാൽ അസ്തമയ സൂര്യൻ വിടചൊല്ലി നീങ്ങവേ വിരഹമാരുതൻ മൂളുന്നയീണവും ഹരിതവല്ലി തൻ ആനന്ദനൃത്തവും കാത്തിരുന്നൊരാ വേഴാമ്പൽ നെഞ്ചകം മേഘവർണനെ കനവുകാണുന്നതും വിണ്ണിൽ നിന്നാർദ്ര ബിന്ദുക്കൾ താഴെയീ- തപ്ത മണ്ണിതിൻ മാറിൽ വീണുരുകിയും ഏറെ ദാഹിച്ച വസുധാധരങ്ങളിൽ കുളിർ മഴത്തുള്ളി അമൃതമായ് പെയ്യവേ പുൽക്കൊടിത്തുമ്പിൽ സ്നേഹമണി മുത്തുകൾ സാന്ധ്യശോഭയിൽ മിന്നിത്തിളങ്ങവേ വിശ്വപ്രകൃതിതൻ മിഴി നിറഞ്ഞൊഴുകുന്ന ഹർഷബാഷ്പമാകാറ്റിൻ വിരലുകൾ താളമിട്ടതീ രമ്യമാം രാഗത്തിൽ മണ്ണും വിണ്ണും ലയിക്കുന്ന മാസ്മര വശ്യമോഹനം ഋതുവർഷസന്ധ്യകൾ