'ലൈബ്രറികൾ നാളെ എഴുത്തുകാരുടെ ശ്‌മശാനമാകാം,​ എഴുത്തുകാർ എഐ പഠിക്കണം': സോഹൻറോയ്

Monday 25 May 2026 2:03 PM IST

തൃശൂർ: അക്കാഡമിയിലെ സാഹിത്യ പുരസ്‌കാര വേദിയിൽ നടന്ന സാഹിതി പുരസ്‌കാരദാനച്ചടങ്ങിൽ എ ഐയുടെ പേരിൽ ഹോളിവുഡിലെയും മലയാളത്തിലെയും രണ്ടു സാഹിത്യ താരങ്ങൾ കൊമ്പു കോർത്തത് ശ്രദ്ധേയമായി. വരും ദിവസങ്ങളിൽ നിരവധി നീണ്ട സാഹിത്യ സംവാദങ്ങൾക്ക് ഇത് വഴിതുറക്കും.

ഹോളിവുഡിൽ എ ഐ യുടെ കടന്നു കയറ്റം വർഷങ്ങളോളം ഉണ്ടാക്കിയ പ്രതിസന്ധിയുടേയും അനുഭവസമ്പത്തിന്റേയും പശ്ചാത്തലത്തിൽ സോഹൻ റോയ് നടത്തിയ പ്രസംഗം വരാനിരിക്കുന്ന സാങ്കേതിക പ്രളയത്തിന്റെ മുന്നറിയിപ്പുപോലെയായിരുന്നു. 'കൃത്രിമ ബുദ്ധി സാഹിത്യ ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കും; പുതിയ തലമുറയ്ക്ക് വായനയും എഴുത്തും നഷ്ടപ്പെടാം. അതിനായി എഴുത്തുകാർ സൃഷ്ടിയോടൊപ്പം അടുത്ത തലമുറയിൽ വായനക്കാരെയും സൃഷ്ടിക്കണം' എന്ന അദ്ദേഹത്തിന്റെ പരാമർശം ഹാളിൽ മുഴങ്ങിയപ്പോൾ, ചിലർ അതിനെ ദൂരദർശിത്വമായി കണ്ടു; ചിലർ അതിൽ ഒരു അതിരുകടന്ന ഭീതിയുടെ നിഴൽ കണ്ടു.

എന്നാൽ പ്രഭാവർമ്മയുടെ ഭാഷയിൽ പറയുകയാണെങ്കിൽ, ഈ പ്രസംഗം സാഹിത്യത്തിന്റെ ഹൃദയത്തെക്കാൾ സാങ്കേതികതയുടെ ശബ്ദത്തെ കൂടുതലായി വിശ്വസിക്കുന്ന ഒരു കാലത്തിന്റെ ആത്മകഥപോലെയായിരുന്നു. എഐ ഭീഷണിയെ 'സ്‌കഡ് മിസൈലിനെ നേരിടുന്ന പാട്രിയറ്റ് മിസൈൽ' പോലെ അദ്ദേഹം തിരിച്ചടിച്ചു. പക്ഷേ സാഹിത്യം യുദ്ധഭൂമിയിലെ മിസൈൽ അല്ല. കവിത ഒരു റഡാർ സിഗ്നൽ അല്ല. അത് മനുഷ്യന്റെ ആത്മാവിൽ നിന്നുയരുന്ന നിശ്ശബ്ദ നിലവിളിയാണ്.

വൈക്കം മുഹമ്മദ് ബഷീർ മനുഷ്യനെ കണ്ടെത്താൻ മെഷീൻ ലേണിംഗ് ഉപയോഗിച്ചില്ല. ഒ.എൻ.വി. കുറുപ്പ് മഴയുടെ ശബ്ദത്തിൽ നിന്ന് കവിത കേൾക്കാൻ കൃത്രിമബുദ്ധിയുടെ സഹായം തേടിയില്ല. സാഹിത്യം സാമ്രാജ്യങ്ങളെ അതിജീവിച്ചു; യുദ്ധങ്ങളെ മറികടന്നു; ടെലിവിഷനും ഇന്റർനെറ്റും വന്നിട്ടും അതിന്റെ ആത്മാവ് മരിച്ചില്ല. അപ്പോൾ അക വന്നതുകൊണ്ട് മാത്രം സാഹിത്യം അവസാനിക്കും എന്ന് കരുതുന്നത് ഭാഷയുടെ അനശ്വരതയെ ചെറുതാക്കി കാണുന്നതല്ലേ? എങ്കിലും സോഹൻ റോയിയുടെ ഭയം മുഴുവനായി അടിസ്ഥാനരഹിതമല്ല.

ഇന്നത്തെ തലമുറ വായിക്കുന്നതിനേക്കാൾ വേഗത്തിൽ സ്‌ക്രോൾ ചെയ്യുന്നു. വാക്കുകൾ ചിന്തിക്കാൻ അല്ല, ഉപഭോഗിക്കാൻ ഉപയോഗിക്കപ്പെടുന്നു. ലൈബ്രറികൾ ചിലപ്പോൾ പുസ്തകങ്ങളെക്കാൾ പൊടിയാണ് സൂക്ഷിക്കുന്നത്. നാളെയതു എഴുത്തുകാരുടെ ശ്‌മശാനമായി മാറാം. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മുന്നറിയിപ്പ് പ്രസക്തമാണ്. പക്ഷേ പ്രശ്നം എഐ അല്ല; മനുഷ്യന്റെ മടിയും ക്ഷമയില്ലായ്മയുമാണ്. കൃത്രിമ ബുദ്ധി സൃഷ്ടിപരതയെ കൊന്നിട്ടില്ല; അതിവേഗ ജീവിതമാണ് മനുഷ്യന്റെ ആഴത്തിലുള്ള ചിന്തയെ മന്ദഗതിയിലാക്കിയത്.

'എഴുത്തുകാർ എഐ പഠിക്കണം; അതിന്റെ സാദ്ധ്യതകൾ ഉപയോഗിച്ച് കാര്യക്ഷമതയും സൃഷ്ടിപരതയും വർധിപ്പിക്കണം' എന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഒരേസമയം പ്രായോഗികവും ദുഃഖകരവുമാണ്. പ്രായോഗികം — കാരണം സാങ്കേതിക വിദ്യ എഴുത്തുകാരനെ സഹായിക്കാം; ഗവേഷണം വേഗത്തിലാക്കാം; ചിന്തകൾ ക്രമപ്പെടുത്താം; ലോകത്തോട് എളുപ്പത്തിൽ ബന്ധിപ്പിക്കാം. എന്നാൽ ദുഃഖകരം — കാരണം സൃഷ്ടിപരതയെ 'എഫിഷ്യൻസി' എന്ന വ്യവസായ പദത്തിൽ അളക്കാൻ തുടങ്ങിയാൽ സാഹിത്യം ഫാക്ടറി ഉൽപ്പന്നമായി മാറും.

കുമാരനാശാന്റെ 'വീണപൂവ്' ഉൽപ്പാദനക്ഷമതയുടെ സോഫ്റ്റ്‌വെയറിൽ നിന്നല്ല ജനിച്ചത്. അത് മനുഷ്യന്റെ ആത്മവേദനയിൽ നിന്ന് വിരിഞ്ഞ ദാർശനിക പുഷ്പമായിരുന്നു. യഥാർത്ഥ സാഹിത്യം പലപ്പോഴും മന്ദഗതിയിലാണ് ജനിക്കുന്നത് — ക്ഷേത്രഭിത്തിയിൽ പതിയെ വളരുന്ന പായൽപോലെ. സോഹൻ റോയിയുടെ പ്രസംഗത്തിൽ മറ്റൊരു അപകടകരമായ പ്രവണതയും കാണാം — കോർപ്പറേറ്റ് ചിന്ത സാഹിത്യത്തിന്റെ വനത്തിലേക്ക് കടന്നുവരുന്നത്. വ്യവസായത്തിൽ കാര്യക്ഷമത പ്രധാനമാണ്. പക്ഷേ സാഹിത്യം പലപ്പോഴും 'അകാര്യക്ഷമതയുടെ' മകനാണ്. മണിക്കൂറുകളോളം മഴ നോക്കി നിൽക്കുന്ന ഒരു കവിയെ വ്യവസായ ലോകം 'അനുപയോഗി' എന്ന് വിളിച്ചേക്കാം. പക്ഷേ ആ നിശ്ശബ്ദതയിൽ നിന്നാവാം പിന്നീട് ഒരു അനശ്വര കവിത ജനിക്കുന്നത്.

അതേസമയം എഐയെ പൂർണമായി തള്ളിക്കളയുന്നതും ബുദ്ധിപരമല്ല. ഓരോ കാലവും പുതിയ സാങ്കേതിക വിദ്യയെ ഭയന്നിട്ടുണ്ട്. അച്ചടി യന്ത്രത്തെ ഭയന്നു. സിനിമയെ ഭയന്നു. ടെലിവിഷനെ ഭയന്നു. പക്ഷേ ഭാഷ ജീവിച്ചു. സാഹിത്യം വഴിമാറി വീണ്ടും മുന്നേറി. എഐയും ഒരുപക്ഷേ അതുപോലൊരു ഉപകരണം മാത്രമായിരിക്കും — ദൈവമല്ല; പിശാചും അല്ല. യഥാർത്ഥ ചോദ്യം മറ്റൊന്നാണ്: മനുഷ്യൻ എഐയെ ഉപയോഗിക്കുമോ? അല്ലെങ്കിൽ എഐ മനുഷ്യനെ ഉപയോഗിക്കുമോ?

സോഹൻ റോയിയുടെ പ്രസംഗം അതുകൊണ്ട് ദൂരദർശിത്വത്തിന്റെയും അതിരുകടന്ന ഭീതിയുടെയും ഇടയിൽ തൂങ്ങിയുനിൽക്കുന്നു. അദ്ദേഹം മാറ്റത്തിന്റെ വരവ് കൃത്യമായി തിരിച്ചറിഞ്ഞു. പക്ഷേ അക യുടെ ആഴവും പരപ്പും ഇനിയും തിരിച്ചറിയാത്ത സാഹിത്യകാരന്മാരുടെ മുന്നിൽ സാഹിത്യത്തിന്റെ മരണഘോഷം അല്പം നേരത്തെ മുഴക്കിപ്പോയി.

കാരണം മനുഷ്യൻ സ്‌നേഹിക്കുന്നിടത്തോളം, വേദനിക്കുന്നിടത്തോളം, ഒറ്റപ്പെടലിൽ കരയുന്നിടത്തോളം, ഒരു മഴയുള്ള തൃശൂർ സന്ധ്യയിൽ ദൂരെയുള്ള ക്ഷേത്രമണിയുടെ ശബ്ദം കേട്ട് ഹൃദയം വിറയുന്നിടത്തോളം — സാഹിത്യം മനുഷ്യന്റേതായിരിക്കും. എങ്കിലും എഐയുടെ ശക്തി ഒരു പരിധിവരെ തിരിച്ചറിഞ്ഞ എം ഡി രാധാകൃഷ്ണന്റേയും റഫീക്ക് അഹമ്മദിന്റേയും ശബ്ദം ആശംസാ പ്രസംഗങ്ങളിൽ വേറിട്ടു നിന്നു . എഐയ്ക്ക് വാക്കുകൾ എഴുതാം. പക്ഷേ ആത്മാവിനെ ഇപ്പോഴും എഴുതാനാവില്ല. പക്ഷേ എഐയെ വിഴുങ്ങാൻ പടിക്കലെത്തിക്കഴിഞ്ഞ എജിഐ ഇതിനെയെല്ലാം മറികടക്കില്ലേ..?