ജില്ലാസ്കൂൾ പ്രവേശനോത്സവം : ചാരമംഗലത്ത് ഉദ്ഘാടനം, എടത്വയിൽ പ്രതിഷേധം
ആലപ്പുഴ: ജില്ലാതല സ്കൂൾ പ്രവേശനോത്സവം ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിൽ നടന്നു. പി.പ്രസാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. രാധാകൃഷ്ണൻ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം വിജയശ്രീ സുനിൽ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.സോയ, സജിത ബൈജു, ചേർത്തല എ.ഇ.ഒ എൽ. ജയലക്ഷ്മി, ചേർത്തല ബി.പി.സി. ടി.ഒ. സൽമോൻ, പ്രിൻസിപ്പൽ കെ. രശ്മി, സീനിയർ അദ്ധ്യാപിക നിഷ, ഡൊമനിക് സെബാസ്റ്റ്യൻ, കെ.ആർ. ബ്രിജിത്ത്, ടി.സി. സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
അതേസമയം, രക്ഷിതാക്കളുടെ പ്രതിഷേധം കാരണം കുട്ടനാട്ടിൽ പ്രവേശനോത്സവം അലങ്കോലമായി. അടിസ്ഥാനസൗകര്യമില്ലാത്തതിന്റെ പേരിൽ എടത്വ കോയിൽമുക്ക് എൽ.പി സ്കൂളിലാണ് രക്ഷിതാക്കളുടെയും എസ്.എം.സിയുടെയും നേതൃത്വത്തിൽ പ്രതിഷേധമുയർന്നത്. ഫിറ്റ്നസില്ലാത്തതിനാൽ കഴിഞ്ഞവർഷം സ്കൂളിന്റെ പഴയകെട്ടിടം ഒഴിവാക്കിയിരുന്നു. ഇത് നവീകരിച്ച് പ്രവർത്തനസജ്ജമാക്കാൻ സർക്കാർ 34 ലക്ഷം രൂപ അനുവദിച്ചെങ്കിലും എടത്വ പഞ്ചായത്ത് ഭരണസമിതി അത് വിനിയോഗിച്ചില്ലെന്നും 60 ലക്ഷം രൂപ മുടക്കി പണിത രണ്ടുമുറികളിലായി കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കാൻ അനുവദിക്കില്ലെന്നും രക്ഷിതാക്കളും എസ്.എം.സിയും നിലപാട് എടുത്തതോടെയാണ് പ്രവേശനോത്സവം മുടങ്ങിയത്. ഇതോടെ,ആഹ്ലാദത്തോടെ ഒന്നാംക്ലാസിൽ ചേരാനെത്തിയ കുട്ടിയടക്കം തിരിച്ചുപോയി. എസ്.എം.സി ചെയർമാൻ രമ്യ റെജി, വൈസ് പ്രസിഡന്റ് റെജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. പ്രശ്‌നം പരിഹരിച്ച ശേഷം പ്രവേശനോത്സവം നടത്താനും തീരുമാനിച്ചു.