മഴക്കാല മുന്നൊരുക്കം : ക്യാമ്പുകൾ സജ്ജമാക്കും
ആലപ്പുഴ: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്കുകളിലും ആവശ്യമായത്ര ദുരിതാശ്വാസ ക്യാമ്പുകൾ അടിയന്തരമായി സജ്ജമാക്കാൻ മന്ത്രി അഡ്വ. എം. ലിജു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലയിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി കളകട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കളക്ടർ ഷാജി വി.നായരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ ഉറപ്പുവരുത്തണം. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റിയെന്ന് ഉറപ്പുവരുത്താൻ എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. വെള്ളക്കെട്ടുകൾ ഒഴിവാക്കാനായി ഓടകൾ, തോടുകൾ, കനാലുകൾ എന്നിവ അടിയന്തരമായി വൃത്തിയാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. കൺട്രോൾ റൂമുകളും വകുപ്പുതല കൺട്രോൾ റൂമുകളും ഉടൻ പ്രവർത്തനക്ഷമമാക്കും. തണ്ണീർമുക്കം ബണ്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതായും ജില്ലയിലെ 617 ഒരുമുട്ടുകളിൽ 521എണ്ണവും തുറന്നതായും മൈനർ ഇറിഗേഷൻ വകുപ്പ് അറിയിച്ചു.