നവാഗത ചിത്രങ്ങൾ പ്രതീക്ഷ നൽകുന്നു:വെട്രിമാരൻ
കൊച്ചി: നവാഗതരുടെ ചിത്രങ്ങൾ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നത് സിനിമാ മേഖലയ്ക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നതെന്ന് സംവിധായകൻ വെട്രിമാരൻ പറഞ്ഞു. എൻ.എഫ്.ആർ ഇന്റർനാഷണൽ കൊച്ചി ഫിലിം ഫെസ്റ്റിവലിലെ ഷോർട്ട് ഫിലിം വിഭാഗം മത്സരങ്ങളിൽ അവസാന റൗണ്ടിലെത്തിയ 10 ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ജൂറി ചെയർമാൻ കൂടിയായ വെട്രിമാരൻ. നവാഗതരായിട്ടുപോലും മത്സരത്തിന്റെ അവസാന റൗണ്ടിലെത്തിയ ചിത്രങ്ങൾ സ്നേഹത്തിന്റെയും കടപ്പാടിന്റെയും ഒറ്റപ്പെടലിന്റെയും ജീവൻ നൽകിയുള്ള പ്രണയത്തിന്റെയുമൊക്കെ വേറിട്ട അനുഭവങ്ങളാണ് പകർന്നു നൽകിയതെന്ന് ജൂറി ചെയർമാൻ പറഞ്ഞു.
വിസ്പേഴ്സ് ഒഫ് ലോസ്റ്റ്, ഗത്തേ ആ ലോറഞ്ച്, ഗോൾഡൻ ലൗ, അൽവിത, ഭ്രമണം, ഒരു വിശുദ്ധ താരാട്ട്, മർമ്മരം, ജീവി, ദി ഷോ, സ്പ്ലിറ്റ് എന്നിവയാണ് അവസാന പത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവ.
ഇംഗ്ലീഷ്, ജപ്പാനീസ്, റഷ്യൻ എന്നീ വിദേശ ഭാഷകളിലും ഹിന്ദി, മലയാളം സിനിമകളും എത്തിയിരുന്നു. വാർത്താസമ്മേളനത്തിൽ സിബി മലയിൽ, ഡോ. ജെയിൻ ജോസഫ് എന്നിവരും പങ്കെടുത്തു.