ഡിജിറ്റലൈസ് പരിശോധനാ ഫലം

Saturday 25 January 2025 8:21 PM IST

കളമശ്ശേരി: എറണാകുളം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ള രോഗികളുടെ ലാബ് പരിശോധനാ ഫലങ്ങൾ ഇ-ഹെൽത്ത് പദ്ധതി മുഖേന ഡിജിറ്റലൈസ് ആക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എം. ഗണേഷ് മോഹൻ അറിയിച്ചു. ഇതുവഴി രോഗികളുടെ പരിശോധന ഫലങ്ങളുടെ റിപ്പോർട്ടുകൾ ഡോക്ടർക്ക് സമീപത്തെ കമ്പ്യൂട്ടറുകളിലെത്തും.

പരിശോധന ഫലങ്ങളുമായി രോഗികളുടെ കൂട്ടിരിപ്പുകാർ വാർഡുകളിലേക്ക് നടക്കേണ്ടിയും വരില്ല. മെഡിക്കൽ കോളേജിൽ ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള ഇ-ഹെൽത്ത് പദ്ധതി 2023 സെപ്തംബറിൽ ആരംഭിച്ചെങ്കിലും ആദ്യ ഘട്ടത്തിൽ രജിസ്‌ട്രേഷൻ മാത്രമാണ് നടപ്പിലാക്കിയത്. രണ്ടാം ഘട്ടത്തിൽ ഒ.പി കൺസൾട്ടേഷൻ, അഡ്വാൻസ് ബുക്കിംഗ്, ഓൺലൈൻ അപ്പോയ്‌മെന്റ്, ഒ.പി ബില്ലിംഗ് എന്നീ സംവിധാനങ്ങൾ നടപ്പിലാക്കി.