ജനശതാബ്ദി എക്സ്‌പ്രസിന് ആലുവയിൽ സ്റ്റോപ്പ് 

Friday 08 May 2026 1:24 AM IST
കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസിന് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചതിന്റെ സന്തോഷ സൂചകമായി ബി.ജെ.പി എറണാകുളം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര വിതരണം നടത്തുന്നു

ആലുവ: കണ്ണൂർ - തിരുവനന്തപുരം, തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്‌പ്രസിന് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു. നിയുക്ത എം.എൽ.എയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖറിന്റെ അഭ്യർത്ഥന പ്രകാരമാണ് റെയിൽവേയുടെ നടപടിയെന്ന് നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് പറഞ്ഞു. സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള കത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്,​ രാജീവ് ചന്ദ്രശേഖറിന് നൽകി.

സ്റ്റോപ്പ് അനുവദിച്ചതിന്റെ സന്തോഷ സൂചകമായി ബി.ജെ.പി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ മധുര വിതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ. സെന്തിൽകുമാർ, നഗരസഭ കൗൺസിലർമാരായ ശ്രീലത രാധാകൃഷ്ണൻ, പി.എസ്. പ്രീത, ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി സജി പുതുശേരി, ആർ. പത്മകുമാർ എന്നിവർ നേതൃത്വം നൽകി.

ഏറെക്കാലമായുള്ള ആവശ്യം

വരുമാനത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ആലുവ റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നത് ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് ഏകദേശം എട്ട് വർഷം മുമ്പ് സർവീസ് ആരംഭിച്ച കണ്ണൂർ - തിരുവനന്തപുരം, തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്‌പ്രസിന് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചത്. വന്ദേഭാരത് ഉൾപ്പെടെ ഇനിയും നിരവധി ട്രെയിനുകൾക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിക്കേണ്ടതുണ്ട്. പടിഞ്ഞാറൻ കവാടം ഉൾപ്പെടെ യാഥാർത്ഥ്യമാക്കാൻ നഗരസഭയും സർക്കാരും കേന്ദ്രമന്ത്രിമാരും ഒറ്റക്കെട്ടായി പരിശ്രമിക്കണം.

അറിയിപ്പ് ലഭിച്ചിട്ടില്ല

ജനശതാബ്ദി എക്സ്‌പ്രസിന് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സ്റ്റേഷൻ മാനേജർ വിനോദ് മേനോൻ പറഞ്ഞു. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഡിവിഷണൽ ഓഫീസിലേക്ക് അറിയിപ്പ് എത്തിയ ശേഷമാണ് ആലുവ സ്റ്റേഷനിലേക്ക് അറിയിപ്പ് ലഭിക്കുക. കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദിക്ക് നേരത്തെ മുതൽ ആലുവയിൽ സ്റ്റോപ്പുണ്ട്.