കോട്ടയം: കോൺഗ്രസിലെ മുതിർന്ന നേതാവായിട്ടും തിരുവഞ്ചൂർ രാധാകൃഷ്ണന് മന്ത്രി സ്ഥാനം നഷ്ടമായതും ചാണ്ടി ഉമ്മൻ അവസാന നിമിഷം ലിസ്റ്റിൽ നിന്നു പുറത്തായതും ഒരു ഗ്രൂപ്പിലും സജീവമല്ലാതെ 'ന്യൂട്രൽ കളി 'നടത്തിയതിനാലെന്ന് വിലയിരുത്തൽ.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഏഗ്രൂപ്പിന്റെ വ്യക്താവായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്ആഭ്യന്തര മന്ത്രി സ്ഥാനം ലഭിച്ചിരുന്നു. വി.ഡി സതീശൻ മന്ത്രിസഭയിലും സുപ്രധാന വകുപ്പ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പരിചയസമ്പന്നനും പക്വമതിയുമെന്നു പറഞ്ഞു സ്പീക്കർ സ്ഥാനത്തേക്കു പരിഗണിക്കുകയായിരുന്നു. തിരുവഞ്ചൂരിന് മന്ത്രി സ്ഥാനം നൽകണമെന്ന് വാദിക്കാൻ നേതാക്കളുമുണ്ടായില്ല. മറ്റു സീനിയർ നേതാക്കളെപ്പോലെ സമ്മർദ്ദ തന്ത്രവും പയറ്റിയില്ല. ഗ്രൂപ്പു നേതാക്കളുടെ വരുതിയിൽ നിൽക്കില്ലെന്നതും മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാതിരിക്കാൻ കാരണമായി. സ്പീക്കർ സ്ഥാനമാണ് ലഭിക്കുകയെന്നറിഞ്ഞിട്ടും എതിർക്കാതെ പാർട്ടി പറയുന്നത് അനുസരിക്കുമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
എല്ലാ കോൺഗ്രസ് നേതാക്കളും ആദരിക്കുന്ന ഉമ്മൻചാണ്ടിയുടെ മകനെന്ന പരിവേഷവും അരലക്ഷത്തിലേരെ ഭൂരിപക്ഷം നേടിയതും ഓർത്തഡോക്സ് സഭാ പ്രാതിനിത്യവും മന്ത്രിയാകാൻ ചാണ്ടി ഉമ്മനെ സഹായിക്കുമെന്ന് എല്ലാ വരും പ്രതീക്ഷിച്ചിരുന്നതാണ്. എല്ലാവരുടെയും ആളായി പുറമേ നിന്നതിനൊപ്പം എല്ലാ കാര്യത്തിലുമുള്ള ഒറ്റയാൻ നീക്കവും ചില പ്രസ്താവനകളുംചാണ്ടി ഉമ്മന് വിനയായി. മുൻ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അവസാന നിമിഷം വി.ഡി സതീശനെ പരിഗണിക്കാതിരുന്നതു കൂടി ചേർത്തുവെച്ചാണ് പലരുടെയും വിലയിരുത്തൽ.
സർവ്വം നേടിയിട്ടും മന്ത്രി സ്ഥാനം മായ
സി.പി.എം, സി.പി.ഐ , കേരളാ കോൺഗ്രസ് എം പാർട്ടികളെ തുടച്ചു നീക്കി ചെങ്കോട്ടയായ വൈക്കം അടക്കം ഒമ്പതിൽ ഒമ്പതു സീറ്റും നേടി കോട്ടയത്തെ യു.ഡി.എഫ് കോട്ടയാക്കിയതിന് നടുനായകത്വം വഹിച്ചത് തിരുവഞ്ചൂർ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും അടക്കം കോൺഗ്രസ് നേതാക്കളായിരുന്നു. ഒമ്പതിൽഅഞ്ചു സീറ്റിലും ആദ്യമായ് കോൺഗ്രസ് ജയിച്ചു കയറിയിട്ടും അർഹമായ പരിഗണന കോട്ടയത്തെ നേതാക്കൾക്ക് ലഭിച്ചില്ല. മന്ത്രി വി.എൻ.വാസവനെ കന്നി പോരാട്ടത്തിൽ തോൽപ്പിച്ച ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന് പകരം ഈഴവ പ്രാതിനിത്യം തുണയായത് എം.ലിജുവിനായിരുന്നു.
പാലായിൽജോസ് കെ മാണിക്കെതിരെ നേടിയ തുടർച്ചയായ ജയം മാണി സി കാപ്പനെ മന്ത്രിയാക്കുമെന്ന പ്രചാരണവും യാഥാർത്ഥ്യമ ായില്ല. രണ്ടര വർഷത്തിന് ശേഷം അനൂപ് ജേക്കബിനെ മാറ്റി മന്ത്രിയാക്കാമെന്ന ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലാകാനാണ് സാദ്ധ്യത. ജില്ലയെ മന്ത്രിസഭയിൽ പ്രതിനിധീകരിക്കാൻ ആകെഉള്ളത് കേരളാകോൺഗ്രസിലെ മോൻസ് ജോസഫ് മാത്രമാണ്. മന്ത്രിമാരുടെ പ്രാതിനിത്യം കോട്ടയത്ത് ഇത്രയും കുറയുന്നതും ആദ്യമായാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |