കേസുകൾക്ക് പഞ്ഞമില്ല, ഓഫീസി​ൽ സ്റ്റാഫുമി​ല്ല നട്ടം തി​രി​ഞ്ഞ് സി​.ഡബ്ല്യു.സി​

Sunday 10 May 2026 12:34 AM IST

ആറ് മാസംകൊണ്ട് അഭയം നൽകിയത് 170 കുട്ടികൾക്ക്

കൊച്ചി: കേസുകൾക്ക് പഞ്ഞമി​ല്ല, പക്ഷേ പ്രവർത്തി​ക്കാൻ നി​വൃത്തി​യുമി​ല്ല. ജീവനക്കാരുടെ ക്ഷാമത്താൽ നട്ടം തി​രി​യുകയാണ് എറണാകുളം ചൈൽഡ് വെൽഫെയർ കമ്മി​റ്റി​ (സി.ഡബ്ല്യു.സി). ആറ് മാസം കൊണ്ട് അഭയം നൽകിയത് 171 കുട്ടികൾക്ക്. വിവിധ കേസുകളിൽപ്പെട്ട് പൊലീസിന്റെ പക്കൽ എത്തിയതും നാടുവിട്ടെത്തിയതും പോക്‌സോ കേസിൽ ഉൾപ്പെട്ടതും അടക്കമുള്ള കുട്ടികൾക്കാണ് അഭയമായത്. 85 ആൺകുട്ടികളും 86 പെൺകുട്ടികളും.

കാക്കനാട്ടെ ഓഫീസി​ൽ സി.ഡബ്ല്യു.സി അംഗങ്ങൾക്ക് സ്വീപ്പർമാരുടെ ജോലി വരെ ചെയ്യേണ്ടി വരുന്നുണ്ട്. ഒരേയൊരു ഡാറ്റാ എൻട്രി ഓപ്പറേറ്റർ മാത്രമാണുള്ളത്. ഒരു സെക്രട്ടറി, രണ്ട് ക്ലാർക്ക്, മൂന്ന് ടൈപ്പിസ്റ്റ്, മൂന്ന് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഒരു സ്വീപ്പർ ഉൾപ്പെടെ പത്ത് ജീവനക്കാരാണ് വേണ്ടത്.

ജുഡീഷൽ അധികാരങ്ങളുള്ള പുതി​യ സി.ഡബ്ല്യു.സി അധികാരമേറ്റത് 2025 നവംബറി​ലാണ്. ശേഷം 600ഓളം കേസുകൾ പരി​ഗണി​ച്ചു. എല്ലാത്തിലും തീർപ്പും കൽപ്പിച്ചു. 43 കുട്ടികളെ ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി കേസുകൾ ഉൾപ്പെടെ മുന്നിലെത്തി. പ്രായപൂർത്തിയാകുന്നതിന് മുന്നേ വിവാഹിതരായ പെൺകുട്ടികൾ, അമ്മമാരാകേണ്ടി വന്നവർ, പീഡനങ്ങൾക്ക് ഇരകളായവർ, ട്രെയിനിൽ നാട് വിട്ടവർ തുടങ്ങി​യ കേസുകളാണ് അന്യ സസ്ഥാനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതിലേറെയും.

ശ്രദ്ധേയ സംഭവങ്ങൾ

പൂനെയിൽ നിന്ന് കാണാതായി റെയിൽവേ ചൈൽഡ് ലൈനിലൂടെ ലഭിച്ച ആൺകുട്ടിയെ കുടുംബത്തോടൊപ്പം തിരികെ അയക്കാനായി​.

തിരുനെൽവേലി സ്വദേശി ബാലനെ റെയിൽവേ ചൈൽഡ് ലൈനിലൂടെ രക്ഷപ്പെടുത്തി നാട്ടിലേക്ക് തിരിച്ചയച്ചു.

അനധികൃതമായി കൈമാറിയ കുഞ്ഞിനെ വീണ്ടെടുത്ത് മാതാപിതാക്കളെ ഏൽപ്പിച്ചു.