ആകാശവാണിയുടെ സ്വന്തം ജയലക്ഷ്മി

Tuesday 12 May 2026 12:08 AM IST
ജയലക്ഷ്മി

കളമശേരി: ആകാശവാണിയിൽ ആറുപതിറ്റാണ്ട് തികച്ച് എം.എസ്. ജയലക്ഷ്മി (76). തൃശൂർ ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റായ ജയലക്ഷ്മി 16 വയസിൽ ലളിത സംഗീതം ആലപിച്ചാണ് റേഡിയോയിൽ തുടക്കമിട്ടത്. ആദ്യനാളുകൾ കോഴിക്കോട് നിലയത്തിലായിരുന്നു. കെ. രാഘവൻ മാസ്റ്ററായിരുന്നു പ്രൊഡ്യൂസർ. 18 വയസിൽ ഫാക്ട് ഫൈൻ ആർട്ട്സ് വിഭാഗത്തിൽ സംഗീത അദ്ധ്യാപികയായി നിയമനം ലഭിച്ചു. 2002 ൽ വി.ആർ.എസ് എടുത്തു.

സംഗീത പഠനം കോഴ്സ് പൂർത്തിയാക്കിയത് ആർ.എൽ.വിയിലായിരുന്നു. അഭിമുഖത്തിന് ചെന്നപ്പോൾ സംഗീതത്തിൽ പ്രാഥമികമായ അറിവുകൾ ഉണ്ടെന്ന് വ്യക്തമായപ്പോൾ പ്രവേശനം ലഭിച്ചത് രണ്ടാംവർഷക്കാർക്കൊപ്പം.

റേഡിയോ നിലയത്തിൽ ശാസ്ത്രീയ സംഗീതവും ഉദയഗീതത്തിൽ ഭക്തി ഗാനങ്ങളും അവതരിപ്പിച്ചിരുന്നു. ദൂരദർശനിൽ അർച്ചന, ഋതുസംഗമം തുടങ്ങിയ പരിപാടികളും സംസ്ഥാനത്തിനകത്തും പുറത്തുമായി ആയിരത്തിലധികം സംഗീത കച്ചേരിയും നടത്തി. 1976ൽ പുറത്തിറങ്ങിയ കാടാറുമാസം സിനിമയിൽ രണ്ടു പാട്ടുകൾ പാടി. ചെമ്പൈ സംഗീതോത്സവം തുടക്കം മുതൽ തുടർച്ചയായി 30 വർഷം പങ്കെടുത്തു.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും പി. സുശീലാമ്മയുടെയും കീഴിൽ സംഗീതം പഠിക്കാൻ ഭാഗ്യമുണ്ടായി. ഹരികഥയും കച്ചേരിയും നടത്തിയിരുന്ന പറവൂർ ശാരദ തങ്കം സിസ്റ്റേഴ്സിലെ ശാരദയാണ് മാതാവ്. ആദ്യ ഗുരുവും. എം.ആർ. പീതാംബരൻ, മധുസൂദനൻ നായർ, മാവേലിക്കര എച്ച്. രാമനാഥൻ തുടങ്ങിയവരും ഗുരുക്കന്മാരാണ്.

2015 ൽ ദക്ഷിണമൂർത്തി സംഗീത നൃത്തോത്സവ പുരസ്കാരം നേടി. ഫിലിം ചേംബർ ഒഫ് കൊമേഴ്സ് അവാർഡ് നിശയിൽ ശിവാജി ഗണേശനിൽ നിന്ന് ഉപഹാരവും ലഭിച്ചു.

ട്രാക്കോ കേബിൾ ഉദ്യോഗസ്ഥനായിരുന്ന പരേതനായ പി. രാധാകൃഷ്ണനാണ് ഭർത്താവ്. എൻജിനിയറായ മകൻ ജയകൃഷ്ണൻ ഗായകൻ കൂടിയാണ്. മരുമകൾ: വിനു. കൊച്ചുമക്കൾ: ഗൗരി പാർവതി, സൂര്യഗായത്രി.