ആലുവ ജലശുദ്ധീകരണ ശാലയിൽ വാർഷിക അറ്റകുറ്റപ്പണി നാളെ

Tuesday 12 May 2026 12:33 AM IST
ആലുവ ജലശുദ്ധീകരണ ശാല

ആലുവ: ആലുവ ജലശുദ്ധീകരണ ശാലയിൽ വാർഷിക അറ്റകുറ്റപ്പണി നാളെ നടക്കും. അറ്റകുറ്റപ്പണിക്ക് ശേഷം രാത്രിയോടെ പമ്പിംഗ് പുന:രാരംഭിച്ചാലും ജലവിതരണം സാധാരണ നിലയിലാകാൻ ഒന്നോ രണ്ടോ ദിവസം കൂടി വേണ്ടിവന്നേക്കും.

സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ വർക്കുകളാണ് നാളെ നടക്കുന്നത്. വിവിധ ഭാഗങ്ങളിലേക്കുള്ള വാൽവുകളും പമ്പുകളും അഴിച്ചെടുത്ത് ഗ്രീസ് നിറക്കും. രണ്ട് മാസം മുമ്പ് വെള്ളം ശുദ്ധീകരിക്കുന്ന ക്ളാരിഫയറുകളുടെ ശുചീകരണ ജോലികൾ പൂർത്തിയാക്കിയിരുന്നു. ദിവസേന 225 എം.എൽ.ഡി (ദശലക്ഷം ലിറ്റർ) വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണ് ആലുവ ജലശുദ്ധീകരണ ശാലയ്ക്കുള്ളതെങ്കിലും 300 -310 എം.എൽ.ഡി വരെ ശുദ്ധീകരിക്കേണ്ട സാഹചര്യമാണുള്ളത്. അല്ലാത്ത പക്ഷം കടുത്ത വേനലിൽ പശ്ചിമകൊച്ചി ഉൾപ്പെടെയുള്ള മേഖലകളിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടാകും.

190 എം.എൽ.ഡി ശേഷിയുള്ള പുതിയ പ്ളാന്റ് വരും

ആലുവ ജലശുദ്ധീകരണശാലക്ക് സമീപം പഴയ സ്റ്റാഫ് ക്വാർട്ടേഴ്സ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് 190 എം.എൽ.ഡി ശേഷിയുള്ള ജലശുദ്ധീകരണശാല പരിഗണനയിലുണ്ട്. എ.ഡി.ബി സഹായത്തോടെ സ്ഥാപിക്കുന്ന പദ്ധതിക്കായി സർവേ നടപടികളെല്ലാം പൂർത്തിയായി.

വെള്ളം മുടങ്ങും

നാളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കൊച്ചി കോർപ്പറേഷൻ, ആലുവ, കളമശേരി, ഏലൂർ, തൃക്കാക്കര മുനിസിപ്പാലിറ്റികൾ, എടത്തല, കീഴ്മാട്, ചൂർണിക്കര, ചേരാനല്ലൂർ, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറക്കൽ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങുക.

അറ്റകുറ്റപ്പണികൾക്ക് ശേഷം പമ്പിംഗ് പുനരാരംഭിച്ചാലും വാലറ്റങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും രണ്ട് ദിവസത്തിനു ശേഷം മാത്രമേ ജലവിതരണം പൂർവസ്ഥിതിയിലാവൂ.