എം.വി. കവരത്തിയില്ല, ലക്ഷദ്വീപിലേക്ക് യാത്രാ ദുരിതം

Monday 18 May 2026 12:15 AM IST
എം.വി. കവരത്തി

കൊച്ചി: വാർഷിക അറ്റകുറ്റപ്പണിക്കായി ഡ്രൈഡോക്ക് ചെയ്ത ലക്ഷദ്വീപിലെ ഏറ്റവും വലിയ പാസഞ്ചർ കാർഗോ കപ്പലായ എം.വി കവരത്തിയുടെ സർവീസ് പുനരാരംഭിക്കാൻ വൈകുന്നത് യാത്രാദുരിതം രൂക്ഷമാക്കുന്നു. എം.വി കോറൽസ്, എം.വി ലഗൂൺസ്, ലക്ഷദ്വീപ് സീ, അറേബ്യൻ സീ എന്നീ കപ്പലുകൾ നിലവിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും എം.വി കവരത്തിയെ അപേക്ഷിച്ച് ഇവയിൽ കുറവ് ആളുകൾക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. ടിക്കറ്റ് ലഭിക്കാതെ നൂറുകണക്കിന് ദ്വീപ് നിവാസികളാണ് കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്നത്. സാഹചര്യം മുതലെടുത്ത് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്നതും തിരിച്ചടിയായി.

ജനുവരി അവസാന വാരമാണ് എം.വി കവരത്തി കൊച്ചി ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി കയറ്റിയത്. സാധാരണ മൂന്നു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി കപ്പൽ തിരികെ എത്തേണ്ടതാണ്. എന്നാൽ നാലു മാസം പിന്നിട്ടിട്ടും സർവീസ് തുടങ്ങാനായില്ല. അറ്റകുറ്റപ്പണികൾക്ക് ശേഷം നടത്തിയ പരിശോധനയിൽ എൻജിൻ ഭാഗത്ത് ചില തകരാറുകൾ കണ്ടെത്തിയതാണ് കാലതാമസത്തിന് കാരണമെന്നാണ് വിവരം. ഈ മാസം അവസാനത്തോടെ കവരത്തി മടങ്ങിയെത്തുമെന്നാണ് സൂചന.

യാത്രാക്ലേശം പരിഹരിക്കാൻ ദ്വീപുകൾക്കിടയിൽ സർവീസ് നടത്തുന്ന 150 പേർക്ക് സഞ്ചരിക്കാവുന്ന ഫെറി വെസലുകൾ അഡ്മിനിസ്‌ട്രേഷൻ കൊച്ചിയിലേക്ക് നിയോഗിച്ചിരുന്നു. എന്നാൽ കടൽ പ്രക്ഷുബ്ധമായതോടെ സുരക്ഷാ കാരണങ്ങളാൽ ഈ സർവീസുകൾ നിറുത്തിവച്ചു.

നിലവിലെ കപ്പലുകളുടെ ശേഷി:  എം.വി കോറൽസ് - 400 പേർ  എം.വി ലഗൂൺസ് - 400 പേർ  ലക്ഷദ്വീപ് സീ - 250 പേർ  അറേബ്യൻ സീ - 250 പേർ

എം.വി കവരത്തി 120 മീറ്റർ നീളമുള്ള എം.വി കവരത്തി ഇന്ത്യയിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ പാസഞ്ചർ കപ്പലുകളിൽ ഒന്നാണ്. 173 കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്. ഒരേസമയം 700 ഓളം യാത്രക്കാരെയും 200 ടൺ കാർഗോയും വഹിക്കാൻ കപ്പലിന് ശേഷിയുണ്ട്. കവരത്തി, കൽപ്പേനി, മിനിക്കോയ് ദ്വീപുകളിലേക്കാണ് പ്രധാനമായും സർവീസ് നടത്തുന്നത്.

ഏത് കാലാവസ്ഥയിലും സുഗുമമായ യാത്ര ഉറപ്പാക്കുന്ന എം.വി. കവരത്തി, കാലവർഷത്തിന് മുമ്പ് വാർഷിക അറ്റകുറ്റപ്പണി നടത്തേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ കാലവർഷ സ‌ർവീസിനെ സാരമായിബാധിക്കും. മറ്റ് കപ്പലുകൾക്ക് കാലവർഷത്തിൽ സ‌ർവീസ് നടത്തുന്നതിന് പരിമിതികളുണ്ട്.

ലക്ഷദ്വീപ് അഡ്മിനിട്രേഷൻ