സ്കൂൾ ബസ് സുരക്ഷാ പരിശോധനയ്ക്ക് തുടക്കം, ആദ്യദിനം 16 ബസുകൾക്ക് സർട്ടിഫിക്കറ്റ്
കൊച്ചി: പുതിയ അദ്ധ്യയനവർഷത്തിന്റെ മുന്നോടിയായി സ്കൂൾ ബസുകളുടെ സുരക്ഷാപരിശോധന ആരംഭിച്ചു. എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള വാഹനങ്ങൾക്കായി കളമശേരി സി.എഫ്. ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന ആദ്യദിന പരിശോധനയിൽ 60 സ്കൂൾ ബസുകൾ പങ്കെടുത്തു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച 16 ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി ആർ.ടി.ഒയുടെ പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചു.
പരിശോധനയിൽ ചെറിയ തകരാറുകൾ കണ്ടെത്തിയ വാഹനങ്ങളെ, അവ അടിയന്തരമായി പരിഹരിച്ച് വീണ്ടും ഹാജരാക്കാൻ നിർദ്ദേശം നൽകി.
സ്കൂൾ തുറന്നാൽ പരിശോധന
സ്കൂൾ തുറക്കുന്ന ജൂൺ ഒന്ന് മുതൽ റോഡുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ കർശനമായ പരിശോധനയുണ്ടാകും. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും. രണ്ടാംഘട്ട പരിശോധന മെയ് 23 നടക്കും.
നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് എത്തിക്കുന്ന വാഹനങ്ങൾക്ക് വരും ദിവസങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും
കെ.ആർ. സുരേഷ്
ആർ.ടി.ഒ
എറണാകുളം