ഫ്രൂട്ട്സ് കച്ചവടത്തിൽ നിന്ന് ലഭിച്ച പണം കാരുണ്യമാക്കി മാറ്റി കുട്ടിക്കൂട്ടം
ആരക്കുന്നം: അവധിക്കാലത്തെ ഫ്രൂട്ട്‌സ് കച്ചവടത്തിലൂടെ ലഭിച്ച തുക ഉപയോഗിച്ച് നിർദ്ധന വിദ്യാർത്ഥിക്ക് സ്‌കൂൾ ബാഗും പഠനോപകരണങ്ങളും വാങ്ങി നൽകി ആരക്കുന്നം മണിയാമ്പുറം പ്രദേശത്തെ കുട്ടിക്കൂട്ടം. ആൽഫിയ ബിജു, എൽവിൻ മനോജ്, എഡ്‌വിൻ മനോജ്, എനോഷ് ജേക്ക് സുഭാഷ്, എലൈൻ സൂസൻ സുഭാഷ്, ബേസിൽ ബിനോയി, സേറ ബിനോയി, എഡ്മണ്ട് ബിജു, എഡ്‌വേഡ് ബിജു എന്നിവരാണ് കാരുണ്യപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. രണ്ടാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്നവരാണ് ഈ മിടുക്കർ. അവധി ദിവസങ്ങളിൽ ഒത്തുചേർന്നപ്പോൾ തോന്നിയ കച്ചവട ആശയമാണ് ഒടുവിൽ കാരുണ്യപ്രവർത്തനമായി മാറിയത്. വീടുകളിൽ നിന്ന് ശേഖരിച്ച പൈനാപ്പിൾ, പേരയ്ക്ക, മാങ്ങ എന്നിവ കഷണങ്ങളാക്കി ഭരണികളിലാക്കി റോഡരികിലെത്തിച്ച് വിൽക്കുകയായിരുന്നു. ഒരു കഷണത്തിന് രണ്ട് മുതൽ മൂന്ന് രൂപ വരെയായിരുന്നു വില. കുട്ടികളുടെ ആവേശം കണ്ട നാട്ടുകാരും വഴിയാത്രക്കാരും 10, 50, 100 രൂപ വീതം സംഭാവന നൽകിയും തണ്ണിമത്തൻ വാങ്ങി നൽകിയും ഇവരെ പ്രോത്സാഹിപ്പിച്ചു.
ആദ്യദിന കച്ചവടത്തിൽ 700 രൂപ ലഭിച്ചു. തുടർന്നും കച്ചവടം നടത്താൻ പദ്ധതിയിട്ടെങ്കിലും സംഭാവനകൾ അടക്കം ലഭിച്ചതോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർദ്ദേശപ്രകാരം കച്ചവടം അവസാനിപ്പിച്ചു. ലഭിച്ച തുക എന്തുചെയ്യണമെന്ന ചർച്ചയ്ക്കൊടുവിലാണ് പഠനസഹായം ആവശ്യമുള്ള കുട്ടിയെ സഹായിക്കാൻ തീരുമാനിച്ചത്. ഒരു ദിവസത്തെ കച്ചവടത്തിലൂടെ ലഭിച്ച പണം അർഹതപ്പെട്ട ഒരാൾക്ക് നൽകാനായതിന്റെ സന്തോഷത്തിലാണീ സംഘം.