അനധികൃത മണൽ വാരൽ: പടി ലഭിച്ചാൽ പിടി വീഴില്ല
ആലുവ: പെരിയാറിൽ നിന്ന് അനധികൃത മണൽകടത്ത് വ്യാപകമെന്ന ആക്ഷേപം ശക്തമായിട്ടും പൊലീസ് പരിശോധന പ്രഹസനമെന്ന് ആരോപണം. മാസപ്പടി ലഭിക്കാത്ത മണൽ മാഫിയകളുടെ വഞ്ചികൾ മാത്രമാണ് പൊലീസ് പിടികൂടി നശിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
ഇന്നലെ പുലർച്ചെ മണപ്പുറത്തിന് സമീപത്ത് നിന്ന് നാട്ടുകാർ പിടികൂടി നൽകിയതെന്ന പേരിൽ പൊലീസ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചത് കളമശേരി സ്വദേശിയുടെ വഞ്ചിയാണ്. മണൽ മാഫിയയിൽ നിന്ന് പണം പറ്റുന്ന ഗുണ്ടാസംഘമാണ് ഈ വഞ്ചി പിടികൂടി പൊലീസിന് കൈമാറിയത്. മറ്റൊരു മണൽ മാഫിയ തലവന്റെ സ്പീഡ് ബോട്ടിൽ പൊലീസ് എന്ന വ്യാജേന പരിശോധനക്കിറങ്ങുന്ന ഗുണ്ടാസംഘമാണ് മണൽ വഞ്ചികൾ പിടികൂടുന്നത്. ഇവർക്കും പൊലീസിനും കൃത്യമായി പടി നൽകുന്നവരെ ഒഴിവാക്കും. അല്ലാത്തവരുടെ വഞ്ചികൾ പിടികൂടി പൊലീസിന് കൈമാറും.
ഇന്നലെ പുലർച്ചെ മണപ്പുറത്തിന് എതിർവശം സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിന് സമീപം ഗുണ്ടാസംഘം എത്തുമ്പോൾ അഞ്ച് വഞ്ചികളിൽ മണൽ വാരൽ നടക്കുന്നുണ്ടായിരുന്നു. മൂന്ന് ഉളിയന്നൂർ സ്വദേശികളുടെയും ഏലൂക്കര സ്വദേശിയുടെയും കളമശേരി സ്വദേശിയുടെയും വഞ്ചികളുണ്ടായിരുന്നു. ഇതിൽ കളമശേരി സ്വദേശി പൊലീസിനും ഗുണ്ടാസംഘത്തിനും പടി നൽകാത്തയാളാണ്. ഇയാളുടെ വഞ്ചിയാണ് ഗുണ്ടാസംഘം പിടികൂടി പൊലീസിന് കൈമാറിയത്.
കഴിഞ്ഞ മാസം 27ന് ആലുവയിൽ മണൽക്കടത്ത് രൂക്ഷം എന്ന തലക്കെട്ടിൽ 'കേരളകൗമുദി"യിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് പൊലീസ് കുറച്ചെങ്കിലും ഉണർന്നത്. തൊട്ടടുത്ത ദിവസം ഒരു മണൽ വഞ്ചി പിടികൂടി പൊലീസ് നശിപ്പിച്ചിരുന്നു. എന്നാൽ ഏറ്റവും മോശം വഞ്ചിയാണ് പൊലീസ് പിടികൂടി നശിപ്പിച്ചതെന്നും നല്ല വഞ്ചികൾ ഒളിപ്പിക്കാൻ പൊലീസ് സൗകര്യം നൽകിയെന്നും ആക്ഷേപവും ഉയർന്നിരുന്നു.
ഇന്നലെയും വഞ്ചി നശിപ്പിച്ചു
മണപ്പുറത്ത് നിന്നും നാട്ടുകാർ പിടികൂടി കെെമാറിയ ഒരു വഞ്ചി ഇന്നലെ ആലുവ പൊലീസ് ജെ.സി.ബി ഉപയോഗിച്ച് നശിപ്പിച്ചിരുന്നു. വഞ്ചിയിലുണ്ടായിരുന്നവർ പുഴയിൽ ചാടി രക്ഷപ്പെട്ടുവെന്നും പൊലീസ് പറയുന്നു. മണൽക്കൊള്ളക്കാർക്കെതിരെ മോഷണക്കേസ് കൂടി ചുമത്തുമെന്നാണ് പൊലീസ് പറയുന്നത്. ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ചാണ് രാത്രികാലങ്ങളിലെ മണൽവാരൽ.
'ആലുവ ഗോൾഡ് " കൊല്ലത്തേക്ക്
പെരിയാറിലെ മണലിന് ആലപ്പുഴ, കൊല്ലം മേഖലകളിൽ വൻ ഡിമാന്റാണ്. ആലുവ ഗോൾഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ലോഡ് ഒന്നിന് അര ലക്ഷം രൂപ വരെ വിലയുണ്ട്. എല്ലാ ചെലവുകളും കഴിഞ്ഞ് മണൽ മാഫിയ ഒരു ദിവസം സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്.