ഡൊമിനിക്കോ വേണുഗോപാലോ ആരെത്തും ജി.സി.ഡി.എ തലപ്പത്ത്
കൊച്ചി: ഭരണമാറ്റത്തിന് പിന്നാലെ വിശാല കൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ) ചെയർമാൻ സ്ഥാനത്തേക്കുള്ള ചരടുവലികൾ സജീവം. യു.ഡി.എഫ് ജില്ലാ ചെയർമാനും മുൻ മന്ത്രിയുമായ ഡൊമിനിക് പ്രസന്റേഷൻ, മുതിർന്ന നേതാവും മുൻ ജി.സി.ഡി.എ ചെയർമാനുമായ എൻ. വേണുഗോപാൽ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. മുതിർന്ന നേതാക്കളെ പരിഗണിച്ചില്ലെങ്കിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലിബിന് നറുക്കുവീണേക്കും. നിലവിൽ മറ്റാരും അവകാശവാദം ഉയർത്തിയിട്ടില്ലെങ്കിലും ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം.
മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കി സി.പി.എം നേതാവ് കെ.ചന്ദ്രൻപിള്ള ചെയർമാൻ സ്ഥാനം ഒഴിഞ്ഞിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു രാജി. കേരള ബ്ലാസ്റ്റേഴ്സിന് കലൂർ സ്റ്റേഡിയം നൽകുന്നതിന്റെ വാടകയെച്ചൊല്ലിയുള്ള തർക്കം, സംഗീതനിശയ്ക്കിടെ ഉമാ തോമസ് എം.എൽ.എ അപകടത്തിൽപ്പെട്ട സംഭവം തുടങ്ങിയവ മുൻ ഭരണസമിതിയുടെ കാലത്ത് വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ സർക്കാരിന് തലവേദനയുണ്ടാക്കാതെ ജി.സി.ഡി.എ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ പ്രാപ്തിയുള്ളവരെയാകും കോൺഗ്രസ് പരിഗണിക്കുക.
മുതിർന്ന നേതാക്കളിൽ ഡൊമിനിക് പ്രസന്റേഷന്റെ പേരിനാണ് പ്രഥമ പരിഗണന. എന്നാൽ മുഹമ്മദ് ഷിയാസ് എം.എൽ.എയായതോടെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിടുന്നവരിലും ഡൊമിനിക് പ്രസന്റേഷനുണ്ട്. പെരുമ്പാവൂർ സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനം വേണമെന്ന ആവശ്യം എൽദോസ് കുന്നപ്പിള്ളിയും മുന്നോട്ടുവച്ചിട്ടുണ്ട്. എൽദോസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ച് ഡൊമിനിക് പ്രസന്റേഷന് ജി.സി.ഡി.എ ചെയർമാൻ സ്ഥാനം നൽകുന്ന ഫോർമുലയ്ക്കും സാദ്ധ്യതയുണ്ട്. മന്ത്രിസഭയിൽ ലത്തീൻ പ്രാതിനിധ്യം കുറവാണെന്ന സഭയുടെ വിമർശനം പരിഹരിക്കാനും ഈ നീക്കം സഹായിക്കും.
ജി.സി.ഡി.എ തലപ്പത്തെ മുൻപരിചയമാണ് എൻ. വേണുഗോപാലിന്റെ കരുത്ത്. എന്നാൽ സാമുദായിക സമവാക്യങ്ങൾ പരിഗണിക്കപ്പെട്ടാൽ വേണുഗോപാലിന് പകരം ദേവസ്വം ബോർഡ് അംഗമോ മറ്റോ നൽകി ഒപ്പം നിറുത്താനും ആലോചനയുണ്ട്. അബ്ദുൾ മുത്തലിബിന്റെ കാര്യത്തിലും സാമുദായിക ഘടകങ്ങൾ നിർണായകമാകും. അതേസമയം, ഉയർന്ന പദവികൾ ലക്ഷ്യമിടുന്ന ജോസഫ് വാഴയ്ക്കൻ ജി.സി.ഡി.എ ചെയർമാൻ സ്ഥാനത്തേക്ക് എത്തിയേക്കില്ലെന്നാണ് സൂചന.