10 വർഷം; 141 മിന്നൽ മരണം

Monday 25 May 2026 3:10 AM IST

കൊച്ചി: ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന ജാഗ്രതാ നിർദ്ദേശം എത്രതന്നെ നൽകിയാലും പലരും ഗൗരവത്തിലെടുക്കാറില്ല. അവർ അറിയാനാണ് ഈ കണക്ക്. സംസ്ഥാനത്ത് പത്ത് വർഷത്തിനിടെ ഇടിമിന്നലേറ്റ് ജീവൻ പൊലിഞ്ഞത് 141പേർക്കാണ്. എറണാകുളത്ത് 12 പേർക്കാണ് ജീവൻ നഷ്ടമായത്. മുന്നറിയിപ്പ് അവഗണിച്ചതാണ് മരണങ്ങൾക്ക് പ്രധാന കാരണം.

മലപ്പുറം മങ്കടയിൽ നാല് വിദ്യാർത്ഥികൾ മിന്നലേറ്റു മരിച്ചതാണ് സംസ്ഥാനത്തെ നൊമ്പരത്തിലാഴ്ത്തിയ ഒടുവിലത്തെ മിന്നലപകടം. പന്തല്ലൂർ മലയിലെ വ്യൂ പോയിന്റ് കാണാനെത്തിയതായിരുന്നു വിദ്യാർത്ഥികൾ. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്ക്കിടെയാണ് ശക്തമായ മിന്നലുണ്ടായത്. സാധാരണ വേനൽക്കാലം അവസാനത്തോടെയും കാലവർഷം തുടങ്ങുന്നതിന് മുമ്പും മിന്നൽ ശക്തമാകാറുണ്ട്. ഇത്തവണ ഏപ്രിൽ, മേയ് മാസങ്ങളിൽത്തന്നെ ശക്തമായ മിന്നലോടുകൂടിയ മഴയാണുണ്ടായത്.

ഉച്ചയ്ക്ക് ശേഷവും വൈകുന്നേരവും മിന്നൽ ശക്തമാകുന്ന സ്ഥിതിയാണ്. സംസ്ഥാനത്ത് മഴമേഘങ്ങളുടെ സാന്നിദ്ധ്യം പതിവിലും അധികമായി ഉയർന്നു. ഇത് തുടരെത്തുടരെ ശക്തമായ ഇടിമിന്നലുകൾക്ക് വഴിവയ്ക്കും. മഴമേഘങ്ങൾ താഴ്ന്നു നിൽക്കുന്നതിനാൽ അപ്പോഴുണ്ടാകുന്ന ഇടിമിന്നലുകൾ വൻ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്. ആകെ ഇടിമിന്നലുകളിൽ 90 ശതമാനവും ആകാശത്ത് വച്ചുതന്നെ ഇല്ലാതാവുകയാണ് ചെയ്യുന്നത്. ഇതിൽ 10 ശതമാനം മാത്രമാണ് ഭൂമിയിൽ കനത്ത നാശം വരുത്തുന്നത്.

 30 സെക്കൻഡ് മിന്നലിന്റെ ആഘാതമുണ്ടായാൽ പൊള്ളലേൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്തേക്കാം. മിന്നലേറ്റയാളിന് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്.

 ദാമിനി ഇടിമിന്നൽ മുന്നറിയിപ്പുകൾ ലഭിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 'ദാമിനി' മൊബൈൽ ആപ്പ് ഉപയോഗിക്കാം. 20 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ ചുറ്റളവിൽ ഇടിമിന്നൽ സംഭവിക്കുന്നുണ്ടെങ്കിൽ ജി.പി.എസ് അറിയിപ്പ് വഴി ആപ്പ് വ്യക്തിയെ അറിയിക്കും. അടുത്ത 40 മിനിറ്റ് നേരത്തേക്ക് അതത് സ്ഥലത്ത് മിന്നൽ മുന്നറിയിപ്പും നൽകുന്നു.

ജില്ല -മിന്നൽ മരണം

തിരുവനന്തപുരം -17 കോട്ടയം - 17 മലപ്പുറം -16 കൊല്ലം- 14 എറണാകുളം 12 കണ്ണൂർ -13 പാലക്കാട് - 9 ഇടുക്കി - 9 ആലപ്പുഴ - 8 പത്തനംതിട്ട -7 കോഴിക്കോട് - 5 വയനാട് - 5 തൃശൂർ -5 കാസർകോട് -5