ആലുവ-മൂന്നാർ രാജപാത പ്രതീക്ഷയിൽ മലയോര ജനത
കൊച്ചി: സംസ്ഥാനത്തെ ഭരണമാറ്റം ഓൾഡ് ആലുവ- മൂന്നാർ രാജപാതയുടെ ശാപമോക്ഷത്തിന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ഇടമലക്കുടിയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള മലയോര ജനത. രാജഭരണകാലം മുതൽ ജനങ്ങൾ ഉപയോഗിച്ചിരുന്ന റോഡിൽ വനംവകുപ്പ് ബാരിക്കേഡ് സ്ഥാപിച്ച് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ പ്രദേശവാസികൾ വർഷങ്ങളായി പോരാട്ടത്തിലാണ്. കോതമംഗലത്തും ദേവികുളത്തും കോൺഗ്രസ് എം.എൽ.എമാരായതും കോൺഗ്രസിന് അനുകൂല നിലപാടുള്ളതുമാണ് പ്രതീക്ഷയ്ക്ക് പിന്നിൽ. കോതമംഗലം മുതൽ മൂന്നാർ വരെയുള്ള 76.5 കിലോമീറ്ററിൽ 26 കിലോമീറ്റർ വന്യജീവി സങ്കേതത്തിലാണെന്നും ഇതുവഴി പൊതുഗതാഗതം അനുവദിക്കാനാവില്ലെന്നുമാണ് വനംവകുപ്പിന്റെ നിലപാട്. രാജ്യത്ത് നൂറുകണക്കിന് വന്യജീവി സങ്കേതങ്ങളിലൂടെ ദേശീയപാത ഉൾപ്പെടെ കടന്നുപോകുമ്പോഴും ഇവിടെ മാത്രം നിയന്ത്രണം ഏർപ്പെടുത്താൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ വാദം. ഭൂമി വനംവകുപ്പിന്റേതാണെങ്കിലും റോഡ് പൊതുമരാമത്ത് വകുപ്പിന്റേതാണ്. 1919 മേയ് 29ന് തിരുവിതാംകൂർ സർക്കാരാണ് കോതമഗലം-മൂന്നാർ രാജപാത വെസ്റ്റേൺ ഔട്ട്ലറ്റ് റോഡ്, അഥവാ ഹൈറേഞ്ച് റോഡ് എന്ന പേരിൽ തുറന്നുകൊടുത്തത്. പിന്നീട് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റേതായി. 1924ലെ മഹാപ്രളയത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടപ്പോഴാണ് ഇപ്പോഴത്തെ അടിമാലി വഴിയുള്ള പുതിയ റോഡ് നിർമ്മിച്ചത്. വീതി കുറഞ്ഞതും ചെങ്കുത്തായ കയറ്റവും കൊടുംവളവുകളുമുള്ള ഈ റോഡിൽ മഴക്കാലത്ത് മണ്ണിടിച്ചിലും അപകടങ്ങളും പതിവായതോടെയാണ് പഴയ രാജപാത പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്.
ലക്ഷ്യം സുഗമ യാത്ര
കോതമംഗലം മുതൽ പൂയംകുട്ടി വരെയുള്ള 28.5 കിലോമീറ്ററിലും പെരുമ്പൻകുത്ത് മുതൽ മൂന്നാർ വരെയുള്ള 22 കിലോമീറ്ററിലും ഇപ്പോഴും വാഹനഗതാഗതമുണ്ട്. ഇടയിലുള്ള 26 കിലോമീറ്റർ ഭാഗത്താണ് വനംവകുപ്പ് തടസം സൃഷ്ടിച്ചിരിക്കുന്നത്. പെരുമ്പൻകുത്തിൽ നിന്ന് കുറത്തിക്കുടി ആദിവാസി ഉന്നതിവരെ (5.5 കി.മീ) നിയന്ത്രണങ്ങൾക്ക് വിധേയമായി ബസ് സർവീസ് അനുവദിച്ചിട്ടുമുണ്ട്. കോതമംഗലത്ത് നിന്ന് കീരമ്പാറ, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകൂട്ടി, പിണ്ടിമേട്, തോളുനട, കുഞ്ചിയാർ, കുന്ത്രപ്പുഴ, പെരുമ്പൻകുത്ത്, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാർ വരെയുള്ള പഴയ രാജപാതയിൽ കയറ്റങ്ങളും കൊടുംവളവുകളുമില്ല. സംസ്ഥാനത്തെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ മാങ്കുളത്തെയും ജനങ്ങൾക്ക് കോതമംഗലത്തേക്ക് വേഗമെത്താം.
രാജപാത തുറന്നാൽ
(ബ്രാക്കറ്റിൽ നിലവിൽ അടിമാലി വഴിയുള്ള ദൂരം)
• ഇടമലക്കുടി - കോതമംഗലം : 69 കി.മീ. .......... (120 കി.മീ)
• ഇടമലക്കുടി - മാങ്കുളം : 54 കി മീ. ......... (98 കി.മീ)
65 ഉന്നതികളിലെ ആദിവാസികൾ ഉൾപ്പടെ ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരമാകുന്നതാണ് രാജപാത.
ഷാജി പൈയ്യാനിക്കൽ
പ്രസിഡന്റ്
ഓൾഡ് മൂന്നാർ റോഡ് ആക്ഷൻ കൗൺസിൽ