അങ്കണവാടിക്ക് മുകളിൽ ഭീഷണിയായി കൂറ്റൻ മാവ്
വെട്ടിമാറ്റണമെന്ന് ആവശ്യം
ആമ്പല്ലൂർ: പുതുവാശ്ശേരി 14-ാം വാർഡിൽ പ്രവർത്തിക്കുന്ന 67-ാം നമ്പർ അങ്കണവാടിക്ക് മുകളിൽ അപകടഭീഷണിയായി നിൽക്കുന്ന കൂറ്റൻമാവ് അടിയന്തരമായി വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് തൊട്ടുമുകളിലൂടെ പടർന്നുനിൽക്കുന്ന മരത്തിന്റെ വൻശാഖകൾ ഏത് സമയത്തും ഒടിഞ്ഞുവീഴാവുന്ന നിലയിലാണ്.
അങ്കണവാടിയിൽ ദിവസവുമെത്തുന്ന കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയെ ഇത് ഗുരുതരമായി ബാധിക്കുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്ന മഴക്കാലത്തും ശക്തമായ കാറ്റിലും മരം അല്ലെങ്കിൽ ശാഖകൾ ഒടിഞ്ഞുവീഴുകയാണെങ്കിൽ വലിയ അപകടത്തിനും ദുരന്തത്തിനും സാദ്ധ്യതയുണ്ടെന്ന ആശങ്കയുമുണ്ട്.
അപകടഭീഷണി ഉയർത്തുന്ന മരത്തിനോട് ചേർന്നാണ് പ്രധാന വൈദ്യുതി ലൈനുകൾ കടന്നുപോകുന്നത്. മരത്തിന്റെ ചുവട്ടിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതിത്തൂണും സമീപത്തുകൂടിയുള്ള വൈദ്യുതി ലൈനുകളും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. മരം ഒടിഞ്ഞുവീഴുകയാണെങ്കിൽ വൈദ്യുതി വിതരണം തടസപ്പെടുന്നതിനൊപ്പം വൈദ്യുതാപകടങ്ങളുമുണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.
കുട്ടികളുടെ സുരക്ഷ മുൻനിറുത്തി അപകടാവസ്ഥ പരിഹരിക്കണമെന്നാശ്യപ്പെട്ട് പ്രദേശവാസി ആമ്പല്ലൂർ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകി. ദുരന്തം സംഭവിച്ചശേഷമുള്ള നടപടികൾക്ക് പകരം മുൻകരുതൽ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കുട്ടികളുടെ ജീവന് ഭീഷണിയായ സാഹചര്യത്തെ ഗൗരവമായി കണ്ട് പഞ്ചായത്ത് ഭരണസമിതിയും കെ.എസ്.ഇ.ബി അധികൃതരും അടിയന്തര ഇടപെടൽ നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
മഴക്കാലം ശക്തമാകുന്നതിന് മുമ്പ് മരം സുരക്ഷിതമായി വെട്ടിമാറ്റി അങ്കണവാടിയിലെ കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.