പറവൂരിന്റെ സ്വന്തം കെ.പി ഇനി ഓർമ്മകളിൽ മാത്രം

Sunday 31 May 2026 12:58 AM IST

പറവൂർ: സ്കൂൾ പഠനകാലത്ത് കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് കടന്ന കെ.പി എന്ന കെ.പി. ധനപാലൻ പറവൂരിലെ രാഷ്ട്രീയ സാമൂഹികരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥനായ പറവൂത്തറ കളത്തിൽ പങ്കജാക്ഷന്റെയും മാധവിയുടെയും ഏഴുമക്കളിൽ രണ്ടാമനാണ് കെ.പി. ധനപാലൻ. കുടുംബത്തിലാരും രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും ചെറുപ്പത്തിലെ കെ.പി. പൊതുരംഗത്ത് സജീവമായി. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിലൂടെ സംഘടനാ ചുതലകൾ ഏറ്റെടുത്ത കെ.പി അധികം വൈകാതെ ജില്ലാ സെക്രട്ടറിയായി. പിന്നീട് യൂത്ത് കോൺഗ്രസ് പറവൂർ മണ്ഡലം പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകളിലെത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, മിൽമ ചെയർമാൻ, കൊച്ചി യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു. നിലവിൽ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗമായിരുന്നു. പത്ത് വർഷം പറവൂർ നഗരസഭ കൗൺസിലറായിരുന്നു. ജില്ലയിൽ കോൺഗ്രസിന്റെ പ്രധാനികളിലൊരാളായിരുന്നു കെ.പി. ധനപാലൻ. എന്ത് ആവശ്യത്തിനും സമീപിക്കാവുന്ന രാഷ്ട്രീയ നേതാവ്. പ്രശ്നം എന്തായാലും ധനപാലൻ പരിഹാരമുണ്ടാക്കുമെന്ന വിശ്വാസമാണ് സാധാരണക്കാരെ അദ്ദേഹവുമായി അടുപ്പിച്ചത്. ധനപാലന്റെ വിയോഗം കോൺഗ്രസിനും പൊതുസമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണ്. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി അടുത്ത് പ്രവർത്തിച്ചിരുന്ന കെ.പി നാട്ടിലുള്ള പറവൂത്തറ കരിയമ്പിള്ളി ഭദ്രകാളിയുടെ കടുത്ത ഭക്തനായിരുന്നു. വളരെ ശാന്തമായ പെരുമാറ്റം. മുഖത്തെപ്പോഴും പുഞ്ചിരി മാത്രമുള്ള രാഷ്ട്രീയ നേതാവ്. ജീവിതത്തിലും രാഷ്ടീയത്തിലുമെന്നും ധനപാലന് നഷ്ടക്കണക്കുകൾ മാത്രമാണ് പറയാനുള്ളത്. കിട്ടിയത് കൊണ്ട് തൃപ്തിപ്പെടുകയും അർഹതപ്പെട്ടത്ത് കിട്ടാത്തതിൽ പരിഭവവുമില്ലാത്ത സ്വഭാവക്കാരൻ. ഒന്നരവർഷം മുമ്പ് മൂത്തമകൻ കെ.ഡി. ബ്രിജിത്തിന്റെ മരണം ധനപാലനെ വല്ലാതെ തളർത്തി. അതിനുശേഷം രോഗബാധിതനായി. ശസ്‌ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരുന്നെങ്കിലും അതൊന്നും കൂട്ടാക്കിയില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ സജീവമായി രംഗത്തിറങ്ങി. പറവൂരിന്റെ സ്വന്തം മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ലഭിച്ചപ്പോൾ ഏറെ സന്തോഷിച്ചത് കെ.പി. ധനപാലനായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പറവൂർ പൗരാവലി ഒരുക്കിയ സ്വീകരണത്തിൽ അദ്ധ്യക്ഷനായതും കെ.പി. ധനപാലനായിരുന്നു.