ആശുപത്രിക്ക് കെട്ടിടമുണ്ട് ആവശ്യത്തിന്‌ ജീവനക്കാരില്ല

Tuesday 02 June 2026 2:03 AM IST

പീരുമേട്: ഏലപ്പാറ സർക്കാർ ആശുപത്രിക്ക് നവീകരിച്ച കെട്ടിടമുണ്ട് എന്നാൽ ആവശ്യത്തിന്‌ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ്‌ ജീവനക്കാരുടെയും അഭാവം ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ്.തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന ഏലപ്പാറ പഞ്ചായത്തിലെഏക ചികിത്സാകേന്ദ്രമാണ് ഈ സർക്കാർ ആശുപത്രി.നിരവധി രോഗികളാണ് ഇവിടെ ദിനംപ്രതി ചികിത്സതേടിയെത്തുന്നത്. നാല്‌ ഡോക്ടർമാരുടെസേവനമാണ് ഇവിടെ വേണ്ടത്. എന്നാൽ നിലവിൽ രണ്ടുഡോക്ടർമാർ മാത്രമാണുള്ളത്. ഇതോടൊപ്പം ആവശ്യത്തിന്‌ ന ഴ്സുമാരും ഇല്ല. കൂടാതെ മറ്റ് സ്റ്റാഫുകളുടെ കുറവും ആശുപത്രിയിലുണ്ട്.വാഗമൺ,കോട്ടമല,ഉളുപൂണി തുടങ്ങി 30 കിലോമീറ്റർവരെ ദൂരത്തു നിന്നും രോഗികൾ എത്തി മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വരുന്നു.പലപ്പോഴുംഡോക്ടർമാരെ കാണാതെ തിരികെപോകണ്ടി വരുന്നു.

ഡോക്ടർമാരുടെ എണ്ണം പരിമിതം

ആവശ്യത്തിന്‌ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നു. നിലവിൽ സേവനരംഗത്തുള്ള ഒരുഡോക്ടർ ലീവെടുത്താൽ വലിയ പ്രതിസന്ധിയാണ് പലപ്പോഴും ഉണ്ടാകുന്നത്. സമീപ നാളിലാണ് ആശുപത്രി ആധുനിക രീതിയിൽ നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചത്. ആശുപത്രികെട്ടിടം നവീകരിച്ചെങ്കിലും ആവശ്യത്തിനുള്ളഡോക്ടർമാരെയുംനഴ്സ് ഉൾപ്പെട്ട ജീവനക്കാരെയും ഇവിടെ നിയമിക്കുന്നകാര്യത്തിൽ തികഞ്ഞ അനാസ്ഥയാണുണ്ടായത്. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.